കണ്ണന്താനത്തെ പരിഹസിച്ചവര്‍ കുടുങ്ങും; ഡി.ജി.പിക്ക് പരാതി നല്‍കി

തിരുവനന്തപുരം- നവമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുകയും അസഭ്യമായ ഭാഷയില്‍ അധിക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡി.ജി.പി ലോക്‌നാഥ് ബഹറയ്ക്ക് പരാതി നല്‍കി.
കേന്ദ്ര മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയാണെന്നും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിനല്‍കിയ ജവാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയ തന്നെ കുറിച്ച് വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചാരണം നടത്തിയത് അധാര്‍മികവും നിയമവിരുദ്ധവുമാണ്. അതുകൊണ്ടുതന്നെ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടു.
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വസന്തകുമാറിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കവെ മൃതദേഹത്തിനരികില്‍ നില്‍ക്കുന്ന കണ്ണന്താനത്തിന്റെ ചിത്രമാണ് വിവാദമായത്. തന്റെ സോഷ്യല്‍ മീഡിയ ഓഫീസില്‍ അയച്ചു കിട്ടിയ ചിത്രം മീഡിയ സെക്രട്ടറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണെന്ന് മന്ത്രി വിശദീകരിച്ചിരുന്നു.  മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് ഫേസ് ബുക്കില്‍നിന്ന് പോസ്റ്റ് പിന്‍വലിച്ചത്.

 

Latest News