40 ലക്ഷം തട്ടി രക്ഷപ്പെടുന്നതിനിടെ ബൈക്കില്‍ നിന്നു വീണ കവര്‍ച്ചക്കാരെ ജനക്കൂട്ടം കൊള്ളയടിച്ചു വിട്ടു

നോയ്ഡ- എടിഎമ്മില്‍ നിറയ്ക്കാനായി എത്തിച്ച 40 ലക്ഷത്തോളം രൂപയടങ്ങിയ ബാഗ് തട്ടി രക്ഷപ്പെടുന്നതിനിടെ ബൈക്കില്‍ നിന്നു വീണ രണ്ടു കവര്‍ച്ചക്കാരെ ആള്‍ക്കൂട്ടം കൊള്ളയടിച്ചു. ബൈക്ക്് മറിഞ്ഞതോടെ കവര്‍ച്ചക്കാരുടെ കയ്യില്‍ നിന്നും തെറിച്ചു വീണ പണ സഞ്ചിയില്‍ നിന്ന് നോട്ടുകള്‍ റോഡില്‍ പരക്കുകയായിരുന്നു. ഇതു കണ്ട പരിസരത്തെ ആളുകള്‍ ഓടിക്കൂടി നോട്ടുകള്‍ വാരി രക്ഷപ്പെട്ടു. നോയ്ഡ സെക്ടര്‍ 85-ല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സംഭവം നടന്നത്. എടിഎമ്മില്‍ നിറയ്ക്കാനുള്ള പണവുമായി എത്തിയ വാഹനത്തില്‍ നിന്നും പുറത്തിയ ജീവനക്കാര്‍ എടിഎമ്മിലേക്ക് കയറുന്നതിനിടെയാണ് കവര്‍ച്ചക്കാര്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണ സഞ്ചി തട്ടി മുങ്ങിയതെന്ന് പോലീസ് പറഞ്ഞു. അതിവേഗത്തില്‍ രക്ഷപ്പെടുന്നതിനിടെ ഇവരുടെ മോട്ടോര്‍സൈക്കിള്‍ മറ്റൊരു വാഹനത്തിലിടിച്ച് രണ്ടു കൊള്ളക്കാരും തെറിച്ചു വീഴുകായിരുന്നു. ഒരാള്‍ സമീപത്തെ അഴുക്കുചാലിലേക്കാണ് വീണത്. 

ഇതിനിടെ തെറിച്ചു വീണ് സഞ്ചിയില്‍ നിന്നും നോട്ടുകള്‍ റോഡിലാകെ പരന്നിരുന്നു. ഇതെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തെ കൊള്ളക്കാരില്‍ ഒരാള്‍ വെടിയുതിര്‍ത്ത് ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റെയാള്‍ ഇതിനകം ഓടിരക്ഷപ്പെട്ടിരുന്നു. കവര്‍ച്ചക്കാരില്‍ ഒരാളായ ബുലന്ദ്ശഹര്‍ ജില്ലക്കാരനായ നാനെ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍ 19.65 ലക്ഷം രൂപയും പോലീസിനു ലഭിച്ചു. ഒരു പിസ്റ്റളും രണ്ടു നാടന്‍ തോക്കുകളും വെടിയുണ്ടകളും അടങ്ങിയ മറ്റൊരു സഞ്ചിയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. ബാക്കിയുള്ള പണം സംഭവ സ്ഥലത്ത് കൂടിയവര്‍ പെറുക്കിയെടുത്തതായും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
 

Latest News