യന്ത്ര വിവാദം ഇനി വേണ്ട

തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിൽ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഉദ്യോഗസ്ഥർ.

വോട്ടിംഗ് യന്ത്രം: ചാലഞ്ചിന് ആരുമില്ല വിവാദങ്ങൾ അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ -കടലാസ് ബാലറ്റിലേക്ക് മടങ്ങില്ല 

ന്യൂദൽഹി- ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത പരിശോധിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്ത രണ്ട് പാർട്ടികളും ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഹാജരായെങ്കിലും ചാലഞ്ചിൽ പങ്കെടുത്തില്ല. പകരം നാലു മണിക്കൂർ നീണ്ട ഡമോൺ സ്‌ട്രേഷൻ കണ്ട് മടങ്ങി. എല്ലാ രാഷ്ട്രീയ പാർട്ടികളും വിട്ടുനിന്ന ചാലഞ്ച് ഏറ്റെടുക്കാൻ സി.പി.എം, എൻ.സി.പി എന്നീ പാർട്ടികൾ മാത്രമാണ് അപേക്ഷ നൽകിയത്.
ഇന്നലെ കമ്മീഷൻ ആസ്ഥാനത്ത് പാർട്ടി പ്രതിനിധികൾ എത്തിയെങ്കിലും ചാലഞ്ചിൽ പങ്കെടുത്തില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദി വ്യക്തമാക്കി. പകരം വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം സംബന്ധിച്ച ഡമോൺസ്‌ട്രേഷൻ കണ്ടു മടങ്ങി. കമ്മീഷന്റെ ഇ.വി.എം ചാലഞ്ച് തട്ടിപ്പ് പരിപാടിയെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി അവർ പ്രഖ്യാപിച്ച ബദൽ പരിപാടിയിലും മാറ്റം വരുത്തി. 
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച എല്ലാ വിവാദങ്ങൾക്കും ഇതോടെ അവസാനമായെന്നും കടലാസ് ബാലറ്റിലേക്ക് മടങ്ങിപ്പോകില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. വിവി പാറ്റ് കൂടി ഉപയോഗിക്കുന്നതോടെ വോട്ടിംഗ് കൂടുതൽ സുതാര്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ അവിശ്വസനീയ ജയത്തെ തുടർന്നാണ് വോട്ടിംഗ് യന്ത്രത്തിൽ അവിശ്വാസം പ്രകടിപ്പിച്ച് രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയത്. ബി.എസ്.പി നേതാവ് മായാവതി ആദ്യം ഉന്നയിച്ച ആരോപണം പിന്നീട് കോൺഗ്രസും സി.പി.എമ്മും അടക്കമുള്ള മറ്റ് പാർട്ടികളും ഏറ്റെടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും ഈ ആരോപണം ഉന്നയിച്ചതോടെയാണ് വോട്ടിംഗ് യന്ത്രത്തിന്റെ കൃത്യത സംബന്ധിച്ച് കമ്മീഷൻ വെല്ലുവിളി നടത്തിയത്. കമ്മീഷന് മുന്നിൽ വോട്ടിംഗ് യന്ത്രത്തിന്റെ തെറ്റായ പ്രവർത്തന രീതി വിശദമാക്കുകയായിരുന്നു ചാലഞ്ച്. ഇതിന് താൽപര്യമുള്ളവർ പ്രത്യേക അപേക്ഷ നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ട് പാർട്ടികൾ ഒഴിച്ച് ബാക്കിയുള്ളവ ഈ തീരുമാനത്തോട് മുഖം തിരിക്കുകയായിരുന്നു. ആർക്ക് വോട്ടു ചെയ്താ ലും അത് ബി.ജെ.പി സ്ഥാനാർഥിക്ക് ലഭിക്കുംവിധം വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് കാണിക്കാൻ കഴിയുമെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനാണ് കമ്മീഷൻ പാർട്ടികൾക്ക് അവസരം നൽകിയത്. ഇന്നലെ ഹാജരായ രണ്ട് പാർട്ടികളുടേയും പ്രതിനിധികൾക്കും വോട്ടിംഗ് യന്ത്രത്തിന്റെ പ്രവർത്തനം, വിവിപാറ്റ് ഘടിപ്പിച്ച മെഷീനുകളുടെ ട്രയൽ എന്നിവ സംബന്ധിച്ച് ഡമോൺസ്‌ട്രേഷൻ നൽകുകയായിരുന്നു. ഓരോ വോട്ടറുടേയും വോട്ട് ആർക്കെന്ന് വ്യക്തമാക്കുന്ന കടലാസ് രസീത് നൽകുന്ന രീതിയാണ് വിവി പാറ്റ്.  വോട്ടിംഗ് മെഷീനുകളിൽ ഒരു തരത്തിലുള്ള ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കി. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച സംശയങ്ങൾ പാർട്ടി പ്രതിനിധികൾ ചോദിച്ച് മനസ്സിലാക്കി. മെഷീനുകളുടെ സാങ്കേതിക സവിശേഷതകളെ സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. വോട്ടിംഗ് യന്ത്രത്തിലെ സുരക്ഷാ സവിശേഷതകൾ അവർക്ക് വിശദീകരിച്ച് നൽകി.
ചാലഞ്ചിനായി ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽനിന്നായി 14 മെഷീനുകളാണ് ഇലക്ഷൻ കമ്മീഷൻ കൊണ്ടുവന്നത്. ഹാക്കർമാർക്ക് നാലു മണിക്കൂർ വീതം നൽകി ഇവയിൽ അവർ ആരോപിക്കും വിധമുള്ള മാറ്റങ്ങൾ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ആരും വെല്ലുവിളി ഏറ്റെടുത്തില്ല. യന്ത്രത്തിൽ കൃത്രിമത്വം കാട്ടുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ അതിലുണ്ടെന്നും അത് നശിപ്പിക്കുന്നതിലൂടെ മെഷീൻ കേടുവരുത്താൻ കഴിഞ്ഞില്ലെങ്കിൽ പങ്കെടുക്കുന്നവർ പരാജിതരായി വിലയിരുത്തപ്പെടുമെന്നുമായിരുന്നു കമ്മീഷന്റെ നിലപാട്. 
ഇത് ഒരു ചാലഞ്ച് മാത്രമാണെന്നും ഹാക്കത്തോൺ അല്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. മെഷീനുകളും അവയുടെ സർകീട്ട്, ചിപ്പുകൾ, മദർബോർഡ് എന്നിവ പരിശോധിക്കാൻ ഹാക്കർമാർക്ക് സാധിക്കുമെങ്കിലും അവയൊന്നും ഇളക്കി പകരം മറ്റുള്ളവ വെക്കാൻ അനുവദിക്കില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു.


 

Latest News