കുവൈത്തില്‍ പാസ്‌പോര്‍ട്ടുകളില്‍ ഇനി റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കില്ല

കുവൈത്ത് സിറ്റി- കുവൈത്തില്‍ ജോലി ചെയ്യുന്ന വിദേശികളുടെ പാസ്‌പോര്‍ട്ടുകളില്‍ ഇനി റസിഡന്‍സ് സ്റ്റിക്കര്‍ പതിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് ഖാലിദ് അല്‍ജറാഹ് അറിയിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നടപ്പാക്കുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് സ്റ്റിക്കര്‍ പതിക്കുന്നത് നിര്‍ത്തലാക്കുന്നത്. ഇതിന് പകരം വിദേശികള്‍ക്ക് നല്‍കുന്ന സിവില്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. വിവിധ എംബസികളുമായും എയര്‍ലൈനുകളുമായും സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പദ്ധതി ഉടന്‍ നടപ്പില്‍ വരുത്തുമെന്ന് റസിഡന്‍സി കാര്യ അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ തലാല്‍ മറാഫി വ്യക്തമാക്കി. സ്‌പോണ്‍സര്‍മാര്‍ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെക്കുന്നത് തടയാനും പാസ്‌പോര്‍ട്ടിലെ പേജുകള്‍ സംരക്ഷിക്കാനും ഈ പദ്ധതി വഴി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest News