ദുബായ്- പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ദുബായിലെത്തി. നടി പീഡനക്കേസില്‍ ജാമ്യത്തിലുള്ള ദിലീപ് കോടതിയുടെ അനുമതിയോടെയാണ് ദുബായിലെത്തിയത്. രണ്ടു ദിവസം അദ്ദേഹം ഇവിടെയുണ്ടാകും.
ദുബായില്‍ വേള്‍ഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും ചേര്‍ന്നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ പ്രസംഗിക്കവേ, ജീവിതം എല്ലാവര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്‌നേഹം എന്ന വികാരമാണെന്നും ദിലീപ് പറഞ്ഞു.
കഴിഞ്ഞ ദിവസം ദുബായിലെത്തിയ ദിലീപ് അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ദേ പുട്ടും സന്ദര്‍ശിച്ചു. ഇന്നലെ ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ പങ്കെടുത്തില്ല.
സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, വേള്‍ഡ് വൈഡ് ഫിലിംസിന്റെ നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ് എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.