മലപ്പുറം-തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളിലുണ്ടായ മികച്ച നേട്ടങ്ങൾ അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ ഇടതുപക്ഷത്തിന് നഷ്ടമായേക്കും. കണ്ണൂർ അരിയൽ ഷുക്കൂർ വധക്കേസിലുണ്ടായ തിരിച്ചടിയും കാസർകോട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവും മലബാർ മേഖലയിൽ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രണ്ട് സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം.ആണ് എന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. വരാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫും ബി.ജെ.പിയും ഈ രണ്ട് സംഭവങ്ങളും പ്രചാരണ വിഷയമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. വടക്കൻ കേരളത്തിൽ ഇത്തവണ ഇടതുപക്ഷത്തിന്റെ കോട്ടകളിൽ വെല്ലുവിളി ഉയർത്താൻ സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയം കാരണമായേക്കും.
കഴിഞ്ഞ ദിവസം നടന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി അട്ടിമറി വിജയങ്ങൾ നേടിയിരുന്നു. മലപ്പുറം ജില്ലയിൽ രണ്ടിടത്തും കോഴിക്കോട് ജില്ലയിൽ ഒരു പഞ്ചായത്തിലും ഭരണം തന്നെ പിടിച്ചെടുക്കുന്ന രീതിയിലുള്ള വിജയമാണ് മുന്നണി നേടിയത്. മലപ്പുറം ജില്ലയിലെ തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ നേടിയ വിജയം പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തു നിൽക്കെ മുന്നണിക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. തിരൂർ ബ്ലോക്കിന്റെ ഭരണം പിടിച്ചതോടെ പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ അണികളെ ഉണർത്താനും കൂടുതൽ വോട്ടുപിടിക്കാനും സഹായകമാകുമെന്നാണ് ഇടതു നേതാക്കൾ കണക്കുകൂട്ടുന്നത്. മഞ്ചേരിക്കടുത്ത് കാവനൂരിലും ഭരണം നേടാൻ ഉപതെരഞ്ഞെടുപ്പ് വിജയം സഹായികമായി.
എന്നാൽ ഈ വിജയങ്ങളുടെ ശക്തിയിൽ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന മുന്നണിക്ക് കണ്ണൂരിലെയും കാസർകോട്ടെയും സംഭവങ്ങൾ തിരിച്ചടിയായി. കണ്ണൂരിലെ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നതാണ്. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷ് എം. എൽ.എയും കുറ്റക്കാരാണെന്ന സി.ബി.ഐയുടെ കണ്ടെത്തൽ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാൻ എതിരാളികൾക്ക് ലഭിച്ച മികച്ച ആയുധമായിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് കാസർകോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അതിദാരുണമായി കൊല്ലപ്പെട്ടത്. ആ കൊലപാതകങ്ങൾക്ക് പിന്നിലും സി.പി.എം.ആണെന്ന് പുറത്തു വന്നതോടെ ഇടതുപക്ഷം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്റെ പേരിൽ ഏറെ കാലമായി വിമർശിക്കപ്പെടുന്ന സി.പി.എമ്മിന് പുതിയ പ്രതിസന്ധികളെ അതിജീവിക്കൽ കടുത്ത വെല്ലുവിളിയാണ്. സംസ്ഥാനത്തൊട്ടാകെ ഇതിന്റെ പ്രതിഫലനങ്ങൾ മുന്നണി നേരിടേണ്ടി വരുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. കാസർകോട് ഇരട്ടകൊലപാതകക്കേസിൽ അറസ്റ്റിലായ സി.പി.എം.പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി താൽക്കാലികമായി മുഖം രക്ഷിക്കാൻ പാർട്ടി നേതൃത്വം ശ്രമിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനും അക്രമ രാഷ്ട്രീയത്തിന്റെ പേരിൽ വോട്ടുകൾ നഷ്ടപ്പെടുന്നത് തടയാനും ഇടതുമുന്നണിക്ക് പുതിയ തന്ത്രങ്ങൾ പുറത്തെടുക്കേണ്ടി വരും.






