Sorry, you need to enable JavaScript to visit this website.

കുരുക്ഷേത്രത്തിലെ ഏകാകി

രാജ്കുമാർ സയ്‌നി

ജാട്ടുകളും അല്ലാത്തവരും തമ്മിൽ ശക്തമായ ചേരിതിരിവ് നിലനിൽക്കുന്ന ഹരിയാനയിൽ ബ്രാഹ്മണ മുഖമാണ് രാജ്കുമാർ സയ്‌നി. ബി.ജെ.പി ടിക്കറ്റിൽ 2014 ൽ കുരുക്ഷേത്ര മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സയ്‌നി അഞ്ചു മാസം മുമ്പ് കാവിപ്പാർട്ടി വിട്ട് ലോകതന്ത്ര സുരക്ഷാ പാർട്ടി (എൽ.എസ്.പി) എന്ന പുതിയ വേദിക്ക് രൂപം നൽകി. ഇക്കഴിഞ്ഞ ജിൻഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയതോടെ ഈ ബ്രാഹ്മണ വിഭാഗവുമായി ദലിതരുടെ ബി.എസ്.പി സഖ്യം ചേർന്നിരിക്കുകയാണ്. 
ബി.ജെ.പിയുടെ ശക്തിയായ ജാട്ട് ഇതര വോട്ടാണ് എൽ.എസ്.പി-ബി.എസ്.പി സഖ്യവും നോട്ടമിടുന്നത്. ബി.എസ്.പി എട്ട് സീറ്റിലും എൽ.എസ്.പി രണ്ട് സീറ്റിലും മത്സരിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.എസ്.പി 55 മണ്ഡലങ്ങളിലും ബി.എസ്.പി 35 മണ്ഡലങ്ങളിലും മത്സരിക്കാനാണ് പദ്ധതി. 
2016 ൽ ഒ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തണമെന്നാവശ്യപ്പെട്ട് ജാട്ടുകൾ ഹരിയാനയിൽ നടത്തിയ പ്രക്ഷോഭത്തിന്റെ സമയത്താണ് സയ്‌നി ശ്രദ്ധേയനായത്. ജാട്ട് വിരുദ്ധ പ്രസ്താവനകളിലൂടെ ജാട്ട് ഇതരരെ ഒരുമിപ്പിക്കാനായി ബി.ജെ.പി സയ്‌നിയെ ഉപയോഗിക്കുകയായിരുന്നു. ജാട്ടുകളാണ് ഹരിയാനയിലെ ഏറ്റവും വലിയ സമുദായം. എന്നാൽ ജാട്ട് ഇതരരെ ഒരുമിപ്പിച്ച് അവരെ നേരിടുകയെന്നതായിരുന്നു ബി.ജെ.പി തന്ത്രം. പഞ്ചാബിയായ മനോഹർലാൽ ഖട്ടറിനെയാണ് ബി.ജെ.പി മുഖ്യമന്ത്രിയാക്കിയത്. 
1996 ൽ കോൺഗ്രസ് വിട്ട് ബൻസിലാൽ രൂപീകരിച്ച ഹരിയാന വികാസ് പാർട്ടിയിലാണ് സയ്‌നി രാഷ്ട്രീയം തുടങ്ങിയത്. ബൻസിലാൽ മന്ത്രിസഭയിൽ മന്ത്രിയായി. പിന്നീട് അപ്രത്യക്ഷനായ സയ്‌നി 2014 ൽ കുരുക്ഷേത്ര മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി പൊങ്ങി. കോൺഗ്രസിന്റെ നവീൻ ജിൻഡാലിനെ മൂന്നാം സ്ഥാനത്താക്കിയാണ് സയ്‌നി തെരഞ്ഞെടുക്കപ്പെട്ടത്. ജാട്ട് കലാപ കാലത്തെ പ്രസ്താവനകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ബി.ജെ.പിയിൽ സയ്‌നിക്ക് എതിരാളികളേറി. അഞ്ചു മാസം മുമ്പ് അദ്ദേഹം പാർട്ടി വിട്ടു. 
എൽ.എസ്.പിയുടെ ലക്ഷ്യങ്ങൾ വളരെ വലുതാണ് -രാജ്യസഭ ഒഴിവാക്കുക, 100 ശതമാനം സംവരണമേർപ്പെടുത്തുക, എല്ലാ ജാതികൾക്കും ജനസംഖ്യാനുപാതികമായി സംവരണം നൽകുക, ഓരോ കുടുംബത്തിലെയും ഒരംഗത്തിന് ജോലി ഉറപ്പാക്കുക, രണ്ട് കുട്ടികൾ മാത്രമെന്ന് നിർബന്ധമായി നടപ്പാക്കുക, വയോധികർക്കും അംഗവൈകല്യമുള്ളവർക്ക് പ്രതിമാസം 5000 രൂപ പെൻഷൻ ഏർപ്പെടുത്തുക എന്നിങ്ങനെ. 
ജാതി രാഷ്ട്രീയമാണ് സയ്‌നിയുടെ തുറുപ്പുചീട്ട്. ഹരിയാനയിൽ 36 ജാതികളുണ്ടെന്നും 35 ജാതികൾക്കു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്നും സയ്‌നി പറയുന്നു. മുപ്പത്താറാമത്തെ ജാതി ഏതാണെന്ന് ആരും വിശദീകരിക്കേണ്ടതില്ല. 

Latest News