കൊല്ലപ്പെട്ട മദ്യ വ്യവസായിയുടെ ബന്ധു ഓടിച്ച ബെന്റ്‌ലി കാര്‍ ഓട്ടോയിലിടിച്ച് റഷ്യന്‍ യുവതി മരിച്ചു

ന്യുദല്‍ഹി- ദല്‍ഹിയില്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ട  ആഢംബര കാര്‍ ബെന്റ്‌ലി ഓട്ടോയിലും വിളക്കു കാലിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു റഷ്യന്‍ യുവതി കൊല്ലപ്പെട്ടു. മറ്റു രണ്ടു വിദേശികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. കൊല്ലപ്പെട്ട മദ്യവ്യവസായി പോണ്ടി ചദ്ധയുടെ ബന്ധു സതീന്ദര്‍ സിങ് ചദ്ധയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തില്‍ കാര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു. ഓട്ടോയിലിച്ച ശേഷം റോഡരികിലെ വിളക്കുകാലിലിടിച്ചാണ് കാര്‍ നിന്നത്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് റഷ്യന്‍ യുവതികളില്‍ ഒരാളാണ് മരിച്ചത്. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കുണ്ട്. ദല്‍ഹിയിലെ ഏറ്റവും സുരക്ഷിത മേഖലകളിലൊന്നായ ചാണക്യപുരിയിലെ വിനയ് മാര്‍ഗിലാണ് അപകടമുണ്ടായത്. അപകടസ്ഥലത്തെത്തിയ ആള്‍കൂട്ടമാണ് കാര്‍ ഓടിച്ചിരുന്ന സതീന്ദറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.  ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
 

Latest News