Sorry, you need to enable JavaScript to visit this website.

'ഉമ്മയുടെ മൃതദേഹത്തിന് മകൾ മാത്രം കൂട്ട്' എഫ്.ബി പോസ്റ്റ് വൈറലായി;  അന്തിമോപചാരമർപ്പിക്കാൻ ജനക്കൂട്ടം

അൽഐൻ- ഉമ്മയുടെ മയ്യിത്തിനരികിൽ മകൾ മാത്രമേയുള്ളൂ. ഫെയ്‌സ്ബുക്കിലെ ഈ പോസ്റ്റ് വായിച്ച് ഈജിപ്തുകാരിക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത് നൂറുകണക്കിനാളുകൾ. അൽഐൻ ആശുപത്രിയിൽ നഴ്‌സായ സഹർ എന്ന യുവതിക്കാണ് ആശ്വാസവുമായി നൂറുകണക്കിന് പേർ എത്തിയത്. മാതാവ് സമീറ അവാദിന്റെ  വിയോഗത്തിൽ ആശ്വസിപ്പിക്കുന്നതിന് നാട്ടുകാരും അല്ലാത്തവരും തടിച്ചുകൂടാൻ തുണച്ചത് ഫെയ്‌സ്ബുക്ക് പോസ്റ്റായിരുന്നു. സഹറിന്റെ മാതാവിന്റെ മരണവാർത്ത അറിഞ്ഞ നാട്ടുകാർ 'മാതാവിന്റെ മൃതദേഹത്തിന് മകൾ മാത്രം കൂട്ട്' എന്ന പേരിൽ ഫെയ്‌സ്ബുക്കിൽ ഒരു പേജ് ആരംഭിച്ചത് നിമിഷങ്ങൾക്കകം വൈറലായി. 'അൽഐൻ നിവാസികളെ, നിങ്ങളുടെ സഹോദരി സഹർ ഇന്ന് ഏകയായിരിക്കുന്നു. മരിച്ചുകിടക്കുന്ന ഉമ്മയെ കഫൻ ചെയ്യുന്നതിനോ മറവ് ചെയ്യുന്നതിനോ അവൾക്ക് ആരുമില്ല. അതിനാൽ നിങ്ങൾ അവളുടെ സഹോദരങ്ങളാകുക. ഏറ്റവും വലിയ വിപത്തിൽ അവൾക്കും താങ്ങും തണലുമാകുക' എന്ന പോസ്റ്റ് പേജിൽ പ്രത്യക്ഷപ്പെട്ടതോടെ ആളുകൾ ഓരോരുത്തരായി സഹായത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു.  
ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. അസർ നമസ്‌കാരാനന്തരം അൽഐനിലെ ഹമൂദ് ബിൻ അലി മസ്ജിദിൽ ജനാസ നമസ്‌കാരം നടക്കുമെന്നും പോസ്റ്റിൽ അറിയിച്ചു. നിമിഷങ്ങൾക്കകം ഈ പോസ്റ്റും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 


അൽഐനിൽ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ ഈജിപ്തുകാരും അല്ലാത്തവരുമായ നൂറ് കണക്കിന് ആളുകളാണ് പള്ളിയിൽ ജനാസ നമസ്‌കാരത്തിനും അൽഫൗഅ മഖ്ബറയിലെ ഖബറടക്ക ചടങ്ങിലും സംബന്ധിക്കാൻ തടിച്ചുകൂടിയത്. അൽഐൻ നിവാസികളുടെ ഈ മാതൃകാപരമായ പ്രവൃത്തിയെ മുക്തകണ്ഠം പ്രശംസിച്ചും നിരവധി പേർ അഭിപ്രായ പ്രകടനം നടത്തി. എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിന്ന തനിക്ക് തുണയാകുന്നതിന് സാമൂഹ്യമാധ്യമം ഇത്രയധികം സഹായിക്കുമെന്ന് സഹർ വിചാരിച്ചതല്ല. ഏതാനും സമയം മുമ്പ് തങ്ങൾക്ക് ആരുമല്ലാതിരുന്ന സ്ത്രീ മരണത്തിന് ശേഷം എല്ലാ അൽഐൻ നിവാസികളുടെയും മാതാവായി മാറിയതിനെ കുറിച്ചും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. 


 

Latest News