Sorry, you need to enable JavaScript to visit this website.

കുമ്പളങ്ങി ഗേൾ 

കുമ്പളങ്ങിയിലെ ഒരു റിസോർട്ടിലെ ടൂറിസ്റ്റ് ഗൈഡാണ് ബേബിമോൾ. ഒരിക്കൽ ഒരു വിദേശ വനിതയ്ക്ക് വല വീശി മീൻ പിടിക്കുന്നത് കാണാനാണ് അവളും കൂട്ടുകാരിയും ബോബിയെ തേടിയെത്തുന്നത്. സ്‌കൂൾ ക്ലാസിൽ ഒന്നിച്ചു പഠിച്ചെങ്കിലും ബോബിയെ പിന്നീട് കണ്ടിരുന്നില്ല. ബേബിമോൾക്ക് ബോബിയെ ഇഷ്ടമായിരുന്നു.  മാതാപിതാക്കൾ നഷ്ടപ്പെട്ടവനും സദാ അലസനുമായ ബോബിക്ക് പ്രേമത്തിലൊന്നും വലിയ താല്പര്യമുണ്ടായിരുന്നില്ല. ബേബിമോൾക്കാണെങ്കിൽ കട്ടപ്രേമവും. ഒടുവിൽ അവർ പ്രേമിച്ചു തുടങ്ങിയപ്പോൾ വില്ലനായത് ചേച്ചിയുടെ ഭർത്താവായ ഷമ്മിയായിരുന്നു. ഒടുവിൽ അവനോടൊപ്പം ഇറങ്ങിപ്പോകുമെന്നായപ്പോൾ ഷമ്മി അവരെ അപായപ്പെടുത്താൻ ശ്രമിക്കുകയാണ്. രക്ഷകരായെത്തുന്നത് ബോബിയും സഹോദരങ്ങളും. ബേബിയേയും കുടുംബത്തേയും രക്ഷപ്പെടുത്തിയ ബോബി അവളെ സ്വന്തമാക്കുന്നു. 
മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലാണ് ബേബിമോളായി അന്നബെന്നും ബോബിയായി ഷെയ്ൻ നിഗവും ഷമ്മിയായി ഫഹദുമെത്തുന്നത്. തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന അരങ്ങേറ്റ ചിത്രമായിട്ടും ഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചത്. 
വൈപ്പിനിലെ വീട്ടിൽ അഭിനന്ദന പ്രവാഹമാണെന്ന് അന്ന പറയുന്നു.  ചിത്രത്തെക്കുറിച്ച് പോസിറ്റീവ്  ഫീഡ്ബാക്കാണ് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. ഒട്ടേറെ പേരാണ് വിളിച്ച് അഭിനന്ദനമറിയിക്കുന്നത്. അന്ന പറഞ്ഞു തുടങ്ങുന്നു. 

ചിത്രത്തിലേക്കുള്ള അവസരം ലഭിച്ചത് ?
ഇൻസ്റ്റഗ്രാമിൽ ആഷിക് സാറിന്റെ കാസ്റ്റിംഗ് കോൾ കണ്ടാണ് ഫോട്ടോ അയച്ചുകൊടുത്തത്.  പിന്നീട് വീഡിയോ ആവശ്യപ്പെട്ടപ്പോൾ അതും അയച്ചുകൊടുത്തു. തുടർന്നാണ് നേരിട്ട് കാണാൻ പറയുന്നത്. ഇക്കാര്യം പപ്പയോട് പറയുന്നത് അപ്പോഴാണ്. ഞാനും അമ്മയും കൂടി ഓഡിഷനെത്തി. അവിടെ ഞാനും  ചേച്ചിയുമായി ഒരു ഇന്ററാക്ഷൻ ഷൂട്ട് ചെയ്തു. വിളിക്കാമെന്ന് പറഞ്ഞു തിരിച്ചയച്ചു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും വിളിച്ചു. നാല് റൗണ്ട് ഒഡിഷൻ കഴിഞ്ഞാണ് സെലക്ഷനായത്. ആദ്യമൊന്നും ശരിക്കും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എങ്ങനെയുള്ള കഥാപാത്രമാണ് വേണ്ടതെന്ന കാഴ്ചപ്പാട് അവർക്കുണ്ടാകും. അതുകൊണ്ടാണ് ഞാനാരാണെന്ന് ആദ്യമേ വെളിപ്പെടുത്താതിരുന്നത്.  വീട്ടിലെ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞത് ഒടുവിലാണ്. ബെന്നിയുടെ മകളാണെന്ന് അറിഞ്ഞപ്പോൾ അവരും അമ്പരന്നു. അവർ പപ്പയെ വിളിച്ചു. സെലക്ഷനായെന്നറിഞ്ഞപ്പോൾ പപ്പയും ഞെട്ടി. 

സെറ്റിലെ വിശേഷങ്ങൾ ?
സെറ്റിൽ എല്ലാവരും നല്ല സഹകരണമായിരുന്നു. ഒരു കൂട്ടം സ്‌നേഹമുള്ള സുഹൃത്തുക്കളുടെ കൂട്ടായ്മയായിരുന്നു ഈ ചിത്രത്തിനു പിറകിൽ. അവരിൽ ഒരു സുഹൃത്തായി അവർ എന്നെ സ്വീകരിച്ചു. ഫഹദിക്കയെ നേരത്തെ കണ്ടിരുന്നു.  ബാക്കിയെല്ലാവരെയും സെറ്റിൽവെച്ചാണ് കണ്ടത്. അവർ എന്നെ ഒഴിവാക്കി നിർത്താതെ ഒപ്പം കൂട്ടുകയായിരുന്നു. 

കൗണ്ടർ അടിക്കുന്നതിൽ മിടുക്കി?
അതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്തായ ശ്യാം ചേട്ടനുള്ളതാണ്. ഓരോ സിറ്റുവേഷനും പറഞ്ഞു തരുമ്പോൾ നമ്മുടേതായ രീതിയിൽ  റിലേറ്റ് ചെയ്യാൻ പറയും.  അത് എളുപ്പമായിരുന്നു. നമ്മുടേതായ പലകാര്യങ്ങളുമായി സാമ്യം തോന്നും. എന്റേതായ രീതിയിൽ പറയുമ്പോൾ അവർക്കും ഇഷ്ടപ്പെട്ടു.  ഇമോഷൻസ് ഒക്കെ നമുക്ക് ഫീൽ ചെയ്യുന്ന രീതിയിലാണ് പറഞ്ഞുതന്നത്. എടീന്ന് വിളിക്കരുത് എന്നു പറയുമ്പോൾ ശരിക്കും ഫീലിംഗോടെയാണ് പറഞ്ഞത്.  അതിന്റെയെല്ലാം ക്രെഡിറ്റ് ശ്യാം ചേട്ടനാണ്. യേശു നമുക്ക് അറിയാത്ത ആളല്ലല്ലോ, ചത്തിട്ട് റീത്ത് വച്ച പോലുണ്ടല്ലോ എന്നെല്ലാം കൃത്യമായി പറയിച്ചത് ശ്യാം ചേട്ടനാണ്. 

ഫഹദിനൊപ്പമുള്ള അഭിനയം ?
ഫഹദിക്കയുടെ എക്‌സ്പ്രഷൻ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചിരിക്കുമ്പോൾ സീനാണോ ശരിക്കും പറയുകയാണോ എന്നു തോന്നിപ്പോകും. അത്രയും സ്വാഭാവികമായി അഭിനയിക്കുന്നയാളാണ് ഫഹദിക്ക.  'ജനിക്കുമ്പോ ഒറ്റ തന്തക്കു ജനിക്കണം. എനിക്ക് ഒറ്റതന്തയാ... അവനെപോലെ പല തന്തയല്ല...' എന്നു ഫഹദിക്ക പറയുന്നുണ്ട്. അതിനു മറുപടിയായി 'പല തന്തക്കു പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിൾ അല്ല ചേട്ടാ...' എന്ന് ഞാനും.  തിയേറ്ററിൽ നല്ല കൈയടി നേടിയ ഈ ഡയലോഗ് പറയാൻ കഴിഞ്ഞത് ഫഹദിക്കയുടെ സ്വാഭാവികമായ അഭിനയം കണ്ടാണ്. 

കാമുകനായി വേഷമിട്ട ഷെയ്ൻ നിഗമിനെക്കുറിച്ച് ?
സെറ്റിൽ ഏറ്റവും എനർജി ഷെയ്‌നായിരുന്നു. എപ്പോഴും പാട്ടു കേട്ടു നടക്കുമായിരുന്നു. ഇതുവരെ അഭിനയിച്ച ചിത്രങ്ങളിൽ ശരിക്കും ഷെയ്‌നായി വേഷമിട്ടത് ഈ ചിത്രത്തിലായിരുന്നു. ബോബിയെ പോലുള്ള പ്രകൃതവും സംസാരവും തമാശകളുമെല്ലാമായി സെറ്റിൽ നിറഞ്ഞു നിൽക്കുകയായിരുന്നു ഷെയ്ൻ. സീരിയസ് വേഷങ്ങളായിരുന്നു ഷെയ്ൻ ഇതിനുമുമ്പ് അവതരിപ്പിച്ചത്. അവരിൽ നിന്നും ബോബി വ്യത്യസ്തമായിരുന്നു. ഞങ്ങൾ തമ്മിൽ ആദ്യമേ നല്ല കൂട്ടായി. സിനിമയിലും അത് നന്നായി വന്നിട്ടുണ്ട്. 

കുടുംബത്തിന്റെ പിന്തുണ?
അമ്മയായിരുന്നു കട്ട സപ്പോർട്ട്. വീഡിയോ അയക്കാൻ പറഞ്ഞപ്പോഴെല്ലാം പിന്തുണയുമായി കൂടെ നിന്നത് അമ്മയാണ്. സെറ്റിൽ കൂടെ വരാനും ഷൂട്ടിംഗ് വൈകിയാൽ നേരം വെളുക്കുംവരെ ഉറക്കമൊഴിച്ച് കാത്തിരിക്കാനുമെല്ലാം അമ്മയായിരുന്നു സഹായി. പപ്പയും നല്ല സഹകരണമായിരുന്നു. സിനിമ കണ്ടപ്പോൾ ഗംഭീരം- ഞെട്ടിച്ചു കളഞ്ഞു എന്നാണ് പറഞ്ഞത്. അനുജത്തി സൂസന്ന ബെന്നും തികഞ്ഞ പിന്തുണയാണ്. സൂസന്ന രാജഗിരി സ്‌കൂളിൽ പതിനൊന്നാം ക്ലാസിൽ  പഠിക്കുകയാണ്. 

പഠനം ? 
എറണാകുളം സെന്റ് തെരേസാസിൽ ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടി. ഒരു 
വർഷത്തോളം ബാംഗ്ലൂരിൽ ജോലി നോക്കി. നാട്ടിലെത്തിയപ്പോഴാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. 

Latest News