മുഴുവന്‍ കുടിയേറ്റക്കാരേയും പുറത്താക്കും, അസമിനെ മറ്റൊരു കശ്മീരാകാന്‍ വിടില്ല-അമിത് ഷാ

ലഖിംപുര്‍- അസമിനെ മറ്റൊരു കശ്മീരാക്കാന്‍ അനുവദിക്കില്ലെന്നും ഇതിനുവേണ്ടിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) കൊണ്ടുവന്നതെന്നും ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ. എന്‍.ആര്‍.സിയുടെ സഹായത്തോടെ ഓരോ കുടിയേറ്റക്കാരനേയും നാടുകടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ അതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
40 സി.ആര്‍.പി.എഫ് ജവാന്മാരുടെ ജീവത്യാഗം വൃഥാവിലാകില്ലെന്നും കേന്ദ്രത്തിലിരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ പോലെയല്ലെന്നും ബി.ജെ.പി അധ്യക്ഷന്‍ അവകാശപ്പെട്ടു. സുരക്ഷാ കാര്യങ്ങളില്‍ ഒരുതരത്തിലുള്ള വിട്ടുവീഴചക്കും തയാറാകില്ല. ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരരെ ഒരു നിലക്കും വെറുതെ വിടില്ല. 1985 അസം കരാര്‍ ഉണ്ടാക്കിയ ശേഷം കൂടുതല്‍ കാലവും കോണ്‍ഗ്രസും അസംഗണപരിഷത്തുമാണ് ഭരിച്ചതെങ്കിലും കരാര്‍ നടപ്പിലാക്കാന്‍ യാതൊന്നും ചെയ്തില്ലെന്ന് മിത്ഷാ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന് രാജ്യസഭയില്‍ പാസാക്കന്‍ കഴിയാതെ പോയ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് പ്രചരിച്ചതെന്നും അത് അസമിനും വടുക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മാത്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ അഭയാര്‍ഥികളേയും കണക്കിലെടുത്താണ് ബില്‍ കൊണ്ടുവന്നത്. പൗരത്വ ബില്‍ ഇല്ലെങ്കില്‍ അസമിലെ ജനത വലിയ ഭീഷണി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News