അതിര്‍ത്തിയില്‍ വ്യോമ സേനയുടെ പടയൊരുക്കം; പരിശീലന പറക്കല്‍ നടത്തിയത് 140 പോര്‍വിമാനങ്ങള്‍- Video

പൊഖ്‌റാന്‍- നാല്‍പതിലേറെ സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന സൂചന നല്‍കി ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധപ്പരിശീലനം. പാക് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന രാജസ്ഥാനിലെ പൊഖ്‌റാന്‍ മരുഭൂമിയില്‍ ശനിയാഴ്ചയായിരുന്നു സേനയുടെ സര്‍വ സന്നാഹങ്ങളും കളത്തിലിറക്കിയുള്ള പരിശീലനം. പകലും രാത്രിയും പ്രതികൂല കാലാവസ്ഥയിലും വ്യോമാക്രണം നടത്തിയുള്ള പരിശീലനമാണ് നടന്നത്. വായു ശക്തി എന്ന പേരിട്ട ഈ യുദ്ധപ്പരീശീലനം നേരത്തെ നിശ്ചയിച്ചതായിരുന്നുവെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യം ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും നിറവേറ്റാന്‍ വ്യോമ സേന സജ്ജമാണെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ പറഞ്ഞു. കുറഞ്ഞ സമയത്തിനുള്ളില്‍ കൃത്യമായി ഉന്നം പിടിക്കാനും ലക്ഷ്യം നേടാനുമുള്ള സേനയുടെ കഴിവിന്റെ പ്രകടനമായണ് ഈ പരിശീലനമെന്ന് ഉന്നത സേനാ വൃത്തങ്ങള്‍ പറഞ്ഞു.

വ്യോമ സേനയുടെ കുന്തമുനകളായ ആകാശ്, അസ്ത്ര മിസൈലുകളെ ആദ്യമായി യുദ്ധപ്പരിശീലനത്തിന് ഇറക്കിയതും ശനിയാഴ്ചയായിരുന്നു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് തേജസ്, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ (എ.എല്‍.എച്ച്) എന്നിവയുടെ ശേഷിയും മികവും ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. പൊഖ്‌റാന്‍ മരുഭൂമിക്കു കുറുകെ തീ തൂപ്പി പറന്ന ഇവ കൃത്യമായി ലക്ഷ്യം കണ്ടതായി സേന അറിയിച്ചു. എല്ലാ സാഹചര്യങ്ങളിലും ഇവയുടെ കൃത്യത തെളിയിക്കപ്പെട്ടു.

നവീകരിച്ച മിഗ്-29 പോര്‍ വിമാനങ്ങളും യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു. ആകെ 137 സുഖോയ്-30, മിറാഷ് 2000, ജാഗ്വാര്‍, മിഗ്-21 ബൈസന്‍, മിഗ്-27, ഐഎല്‍ 78, ഹെല്‍ക്കുലിസ്, എഎന്‍-32 പോര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും യുദ്ധപ്പരിശീലനത്തില്‍ പങ്കെടുത്തു.

Image result for vayu shakthi pokhran

ഇന്ത്യയുടെ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വിവിധ രാജ്യങ്ങളുടെ സൈനിക അറ്റാഷെമാര്‍, പ്രതിരോധ മന്ത്രാലയം ഉന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ വ്യോമ സേനാ ഓണററി ഗ്രൂപ് ക്യാപ്റ്റന്‍ പദവിയുള്ള ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങിയവരും ഈ യുദ്ധപ്പരിശീലനത്തിന് സാക്ഷ്യം വഹിച്ചു.
Image result for vayu shakthi pokhranRelated image

Latest News