ലഖ്‌നൗ- പുല്‍വാമയില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കെതിരെ വാട്‌സാപ്പ് സന്ദേശമയച്ച വിദ്യാര്‍ഥിയെ യു.പി. പോലീസ് അറസ്റ്റ് ചെയ്തു. ജയ് നാരായണ്‍ പോസ്റ്റ് ഗ്രാജുവേറ്റ് കോളേജ് വിദ്യാര്‍ഥി റജബ് ഖാനെയാണ് അറസ്റ്റ് ചെയ്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ വിദ്യാര്‍ഥിയെ കോളേജില്‍നിന്ന് പുറത്താക്കിയിരുന്നു.
അപകീര്‍ത്തികരമായ പോസ്റ്റിന്റെ പേരിലാണ് ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ഥി റജബ് ഖാനെ പുറത്താക്കിയതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ എസ്.ഡി. ശര്‍മ പറഞ്ഞു. കൂലിവേല ചെയ്യുന്ന അനീസ് ഖാന്റെ മകനായ റജബ്, കൊല്ലപ്പെട്ട സൈനികരെ വിമര്‍ശിക്കുന്ന കുറിപ്പ് വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. കോളേജ് അധികൃതര്‍ക്കു പുറമെ, മുന്‍ വിദ്യാര്‍ഥി സൗരബ് ശുക്ലയും പോലീസില്‍ പരാതി നല്‍കിയിരുന്നു. സൗരബ് നല്‍കിയ പരാതിയിന്മേല്‍ 21 കാരനായ റജബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഹുസൈന്‍ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനില്‍ കുമാര്‍ പറഞ്ഞു.