മക്ക - വിശുദ്ധ ഹറമിലെ കിംഗ് അബ്ദുൽ അസീസ് കവാടത്തിന്റെ നിർമാണ ജോലികൾ അടുത്ത റമദാനു മുമ്പായി പൂർത്തിയാകുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കിംഗ് അബ്ദുൽ അസീസ് കവാടം, മതാഫ്, ബാങ്ക് വിളിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ ഇരുപത്തിനാലു മണിക്കൂറും ജോലികൾ നടക്കുന്നുണ്ട്. ആയിരത്തിലേറെ സാങ്കേതിക വിദഗ്ധരുടെയും തൊഴിലാളികളുടെയും പങ്കാളിത്തത്തോടെയാണ് വികസന പദ്ധതികൾ നടപ്പാക്കുന്നത്. ഏറ്റവും കൂടുതൽ ജോലിക്കാരുള്ളത് കിംഗ് അബ്ദുൽ അസീസ് കവാടത്തിലാണ്. അടുത്ത റമദാനിൽ തീർഥാടകർക്കും സന്ദർശകർക്കും മുന്നിൽ കിംഗ് അബ്ദുൽ അസീസ് കവാടം തുറക്കുന്നതിനാണ് അധികൃതർ ശ്രമിക്കുന്നത്. മതാഫിലും അൽഫതഹ്, അൽഉംറ ഗെയ്റ്റുകളിലും മസ്അയിലും വികസന ജോലികൾ നടക്കുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വിശുദ്ധ ഹറമിലെത്തിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയിരുന്നു. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിലെത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം 50 ലക്ഷമായും ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യത്തോടെ വിശുദ്ധ ഹറമിന്റെ ശേഷി ഉയർത്തുന്നതിന് നടപ്പാക്കിയ പദ്ധതികൾ കിരീടാവകാശി നടന്നുകണ്ടു.






