Sorry, you need to enable JavaScript to visit this website.

മാദക സുന്ദരികളുടെ ഫോട്ടോകളുമായി മസാജിനു ക്ഷണം; ദുബായില്‍ 'കാര്‍ഡ് ശല്യം' രൂക്ഷം

ദുബായ്- ഒരു ഫോണ്‍ വിളിയിലൂടെ ലഭിക്കുന്ന 'സുഖ ചികിത്സ'യുടെ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ദുബായിലെ പലയിടത്തുമുള്ള താമസക്കാര്‍. ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നാലും കാര്‍ പാര്‍ക്ക് ചെയ്ത് പോയി തിരിച്ചെത്തിയാലും കണ്‍മുന്നില്‍ മാദക സുന്ദരികളുടെ ഫോട്ടോയോടൊപ്പമുള്ള മസാജ് സര്‍വീസ് പരസ്യങ്ങളുടെ കാര്‍ഡുകളാണ്. വ്യാപകമായാണ് ഇത്തരം ഓണ്‍ കോള്‍ മസാജ് സര്‍വീസ് പരസ്യങ്ങള്‍ ബിസിനസ് കാര്‍ഡ് രൂപത്തിലാക്കി പ്രചരിപ്പിക്കുന്നത്. ഇതൊരു പൊതുശല്യമായി മാറിയതായി ദുബായ് നിവാസികള്‍ പരാതിപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. പപ്പോഴും തട്ടിപ്പിലേക്കും കൊള്ളയിലേക്കും ലൈംഗിക ചൂഷണങ്ങളിലേക്കും നയിക്കുന്ന ഇത്തരം രഹസ്യ മസാജ് സേവനദാതാക്കളുടെ കെണിയില്‍പ്പെടാതിരിക്കാന്‍ അധികൃതര്‍ നിരന്തരം മുന്നറിയിപ്പു നല്‍കുന്നുണ്ട്. നിയമ വിരുദ്ധമായ ഈ പരിപാടിക്കെതിരെ പരിശോധനകളും ബോധവല്‍ക്കരണവും നിയമപാലകര്‍ നടത്തുന്നുണ്ടെങ്കിലും ഇത് ഇപ്പോഴും തുടരുന്നുണ്ട്. 

ഇന്‍ര്‍നാഷണല്‍ സിറ്റി, സത്വ മേഖലകളിലാണ് മസാജ് കാര്‍ഡുകളുടെ ശല്യം രൂക്ഷം. കാറുകളിലും ഫ്‌ളാറ്റുകളുടെ വാതില്‍ക്കലും ഇത്തരം കാര്‍ഡുകള്‍ കാണാത്ത ഒരു ദിവസം പോലുമില്ലെന്ന് പലരും പരാതിപ്പെടുന്നു. ഇത്തരം കാര്‍ഡുകള്‍ കണ്ട് മസാജിനാ വിളിച്ചാല്‍ തട്ടിപ്പിനിരയാകാനുള്ള സാധ്യത ഏറെയാണ്. പരസ്യം കണ്ട് മസാജ് ചെയ്യാന്‍ പോയ നിരവധി പുരുഷന്‍മാര്‍ കുരുക്കിലായിട്ടുണ്ട്. പലരും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകുയം ചെയ്ത കേസുകളും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സുന്ദരികളായ സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചാണ് ഇത്തരക്കാര്‍ മസാജിന് ആളെ കൂട്ടുന്നത്. ഇതു കണ്ട് വശീകരിക്കപ്പെടുന്നവരെ ഇവര്‍ മസാജിനായി തയാറാക്കിയ ഫ്‌ളാറ്റിലെത്തിച്ച് മുറിയിലിട്ട് പൂട്ടി നഗ്നരാക്കി വിഡിയോ എടുക്കുകയും ഭീഷണിപ്പെടുത്തുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഇത്തരം മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അഡ്വക്കെറ്റ് ജനറല്‍ ഡോ. അലി ഹുമൈദ് ബിന്‍ ഖാതിം പറഞ്ഞു. പിഴ അടക്കുന്നതിനു പുറമെ ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരും. നാടുകടത്തപ്പെടുകയും ചെയ്യും. നിയമവിരുദ്ധ മസാജ് കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശ്ക്തമാക്കിയിട്ടുണ്ടെന്നും നിരവധി പേരെ ഇതിനകം പിടികൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു പല കേസിലും ഉള്‍പ്പെട്ടവരാണ് പലപ്പോഴും ഈ കേസിലും പിടിയിലാകുന്നത്.

ഈ മസാജ് കാര്‍ഡ് വിതരണം വിസാ നിയമങ്ങളുടേയും ലംഘനമാണ്. വിസിറ്റ് വിസയിലെത്തി സ്‌പോണ്‍സര്‍ അല്ലാത്ത മൂന്നാം കക്ഷിക്കു വേണ്ടിയുള്ള ജോലി ആയാണ് പലരും ഇതു ചെയ്യുന്നത്. ഇത് വിദേശികളുടെ പ്രവേശന, താമസ നിയമങ്ങള്‍ക്ക് എതിരാണ്. കൂടാതെ കാര്‍ഡുകളില്‍ അശ്ലീലത നിറഞ്ഞ സ്ത്രീകളുടെ ചിത്രം നല്‍കുന്നതും മറ്റൊരു കടുത്ത ശിക്ഷയുള്ള മറ്റൊരു കുറ്റമാണ്.
 

Latest News