പൊന്നാനി നോക്കി എൻ.സി.പിയും

മലപ്പുറം- ഇടതുമുന്നണി സ്വതന്ത്ര പരീക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്ന പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ എൻ.സി.പിയും സീറ്റിനായി ചരടുവലി തുടങ്ങി. എൽ.ഡി.എഫിൽ സി.പി.ഐയുടെ സീറ്റായ പൊന്നാനിയിൽ നിയാസ് പുളിക്കലകത്തിനെ സ്വതന്ത്രനായി പരിഗണിക്കുന്നതിനിടെയാണ് എൻ.സി.പി. സമ്മർദ്ദം ആരംഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടക്കൽ മണ്ഡലത്തിൽ എൻ.സി.പി സ്ഥാനാർഥിയായി മൽസരിച്ച വ്യവസായ പ്രമുഖൻ എൻ.എ. മുഹമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കാനാണ് എൻ.സി.പി ശ്രമിക്കുന്നത്. കേരളത്തിൽ ഇത്തവണ ഒരു പാർലമെന്റ് സീറ്റിനായി എൻ.സി.പി ശ്രമം ആരംഭിച്ചിട്ട് മാസങ്ങളായി. പാർട്ടിയുടെ ദേശീയ നേതൃത്വം വഴിയാണ് സി.പി.എമ്മുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുന്നത്. കേരളത്തിൽ എൻ.സി.പിക്ക് ഒരു സീറ്റ് നൽകിയാൽ മഹാരാഷ്ട്രയിൽ സി.പി.എമ്മിന് വിജയസാധ്യതയുള്ള ഒരു സീറ്റ് നൽകാമെന്നാണ് വാഗ്ദാനം. എൻ.സി.പി സംസ്ഥാന നേതൃത്വം സീറ്റ് ആവശ്യപ്പെടുന്നത് പാർട്ടി നേതാവും മുൻമന്ത്രിയുമായ തോമസ് ചാണ്ടിക്ക് വേണ്ടിയാണ്. എന്നാൽ തോമസ് ചാണ്ടി ഭൂമികയ്യേറ്റ വിവാദവുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടി വന്നതിനാൽ അദ്ദേഹത്തെ കേരളത്തിൽ സ്ഥാനാർഥിയാക്കുന്നതിന് സി.പി.എമ്മിന് താൽപര്യമില്ല. തോമസ് ചാണ്ടിക്ക് സീറ്റ് നൽകിയാൽ കേരളത്തിലെ എല്ലാ സീറ്റിലും അത് ഇടതുമുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ നിരീക്ഷണം. യു.ഡി.എഫിന് പ്രചാരണത്തിന് ഒരായുധം നൽകലാകുമെന്നും ഇടതു നേതൃത്വം കരുതുന്നു.ഇതിനിടയിലാണ് എൻ.എ. മുഹമ്മദ് കുട്ടിക്ക് വേണ്ടി എൻ.സി.പി സംസ്ഥാന നേതൃത്വത്തിലെ ചിലർ ചരടുവലികൾ നടത്തുന്നത്. കൊച്ചിയിൽ ബിസിനസ് സ്ഥാപനങ്ങളുള്ള മുഹമ്മദ്കുട്ടിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പി കോട്ടക്കൽ മണ്ഡലത്തിൽ ഇറക്കിയിരുന്നു. എന്നാൽ കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ല. 
 

Latest News