യോഗ ഗുരു ജഗ്ഗി വാസുദേവ് വിവാദ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു
മാതാ അമൃതാനന്ദമയി മുതൽ ബാബാ രാംദേവിനെയും ശ്രീശ്രീ രവിശങ്കറിനെയുമൊക്കെ വിവിധ വിഷയങ്ങളിൽ കൂടെ നിർത്താൻ സംഘപരിവാർ തീവ്രശ്രമം നടത്തുന്നുണ്ട്. ശബരിമലയും രാമക്ഷേത്ര നിർമാണവുൾപ്പെടെ നിരവധി വിവാദ വിഷയങ്ങളെക്കുറിച്ച് സദ്ഗുരു ജഗ്ഗി വാസുദേവ് മനസ്സ് തുറക്കുന്നു.
ചോ: കർഷകരുടെ കടം എഴുതിത്തള്ളുന്നതിനെക്കുറിച്ച നിലപാടെന്താണ്?
ഉ: കർഷക മേഖലയിൽ ഇടപെടൽ അനിവാര്യമാണ്. എന്നാൽ കടം എഴുതിത്തള്ളലല്ല പരിഹാരം. എഴുപതുകളിൽ ബാങ്കുകൾ ദേശസാൽക്കരിച്ചപ്പോൾ പറഞ്ഞത് ബാങ്കുകൾ പാവപ്പെട്ടവർക്ക് കടം നൽകുമെന്നാണ്. കടം തിരിച്ചടയ്ക്കേണ്ടെന്നു പറയുക വഴി ജനതയെ മുഴുവൻ കള്ളന്മാരാക്കുകയാണ് ചെയ്യുന്നത്. കടം എഴുതിത്തള്ളൽ ഫലത്തിൽ കർഷകരെ കൊള്ളപ്പലിശക്കാരുടെ കൈയിലെത്തിക്കുകയാണ് ചെയ്യുക. അര നൂറ്റാണ്ടായി ഗ്രാമീണ ജനതക്ക് പണം ലഭ്യമാക്കുന്ന രീതിയാണ് നാം ശീലിച്ചുവന്നത്. കടം തിരിച്ചടയ്ക്കേണ്ടെന്ന് പറഞ്ഞ് എത്ര കാലം നാം പണം നൽകിക്കൊണ്ടിരിക്കും.
ചോ: കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണം നിക്ഷേപിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെക്കുറിച്ച് എന്തു പറയുന്നു?
ഉ: നല്ല ആശയമാണ്. മുൻകാലത്ത് ധനസഹായം ബന്ധപ്പെട്ടവരിൽ എത്തിയിരുന്നില്ല. ജനധൻ അക്കൗണ്ട് പദ്ധതി വിപ്ലവാത്മകമാണ്. ആറായിരം രൂപ കിട്ടുകയെന്നത് ദരിദ്രനായ വ്യക്തിയെ സംബന്ധിച്ചിടത്തോളം ചില്ലറക്കാര്യമല്ല.
ചോ: ജി.എസ്.ടിയെ ശക്തമായി പിന്തുണച്ചിരുന്നു താങ്കൾ. ചെറുകിട ബിസിനസിനെ ജി.എസ്.ടി തകർക്കുകയല്ലേ ചെയ്തത്?
ഉ: സമീപകാലത്തെ ഏറ്റവും സുപ്രധാനമായ സാമ്പത്തിക നടപടിയാണ് ജി.എസ്.ടി. അത് ചെറുകിട വ്യവസായത്തിന് ദോഷകരമായിരുന്നു. എന്നാൽ ഇന്ത്യ എന്നും ചെറുകിട വ്യവസായമായി നിലനിന്നാലേ ദോഷമുള്ളൂ.
ചോ: കഴിഞ്ഞ നാലു വർഷമായി ബോംബ് സ്ഫോടനങ്ങൾ ഇല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു താങ്കൾ?
ഉ: കശ്മീരിലും ചുവപ്പ് ഇടനാഴിയിലും (നക്സൽ പ്രദേശങ്ങൾ) സ്ഫോടനങ്ങളുണ്ടെന്നത് ശരി തന്നെ. എന്നാൽ എപ്പോഴാണ് ഒരു പ്രധാന നഗരത്തിൽ അവസാനമായി സ്ഫോടനം നടന്നത്? സുരക്ഷാ സേനയെയാണ് ഞാൻ അഭിനന്ദിച്ചത്. ചിലർ ബി.ജെ.പിയെ പ്രശംസിച്ചെന്നാക്കി മാറ്റി.
ചോ: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെക്കുറിച്ച്?
ഉ: അതൊരു മഹാദ്ഭുതമാണ്. ചിലർക്ക് തോൽവി അംഗീകരിക്കാനാവാത്തതിന്റെ പ്രശ്നമാണ്. ജയിക്കുമ്പോൾ അവർ നിലപാട് മാറ്റും. എല്ലായിടത്തും പേപ്പർലസ് ആവാനാണ് നാം നോക്കുന്നത്. പോളിംഗിൽ പക്ഷേ ബാലറ്റ് പേപ്പറിലേക്ക് തിരിച്ചുപോവണമെന്നാണ് ചിലരുടെ ആവശ്യം. വോട്ടിംഗ് യന്ത്രം നിർമിച്ചവരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു യന്ത്രത്തെ ഹാക്ക് ചെയ്യണമെങ്കിൽ അത് മറ്റൊരു യന്ത്രവുമായോ മനുഷ്യനുമായോ കമ്യൂണിക്കേഷനിൽ ആയിരിക്കണം. ഒരു ഫോണോ കംപ്യൂട്ടറോ ഹാക്ക് ചെയ്യാം, കാൽക്കുലേറ്റർ ഹാക്ക് ചെയ്യാനാവില്ല.
ചോ: രാമക്ഷേത്ര നിർമാണത്തെക്കുറിച്ച് എന്താണ് നിലപാട്?
ഉ: ശ്രീരാമൻ ജനിച്ചുവോയെന്ന് കോടതിയോട് ചോദിക്കുന്നത് വിഡ്ഢിത്തമാണ്. അവിടെ ക്ഷേത്രമുണ്ടായിരുന്നു എന്ന് ആർക്കിയോളജി വകുപ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കോടതി പറയുന്നത് ഇതൊരു വസ്തു തർക്കമാണ് എന്നാണ്. എങ്കിൽ അത് തീർപ്പാക്കിക്കൂടേ. രാമക്ഷേത്ര നിർമാണം ഒരിക്കലും ഇലക്ഷൻ വിഷയമാകരുത്. ക്ഷേത്രം നിർമിച്ച് പ്രശ്നം അവസാനിപ്പിക്കണം. മൊത്തം വസ്തുവിൽ വിവാദമുള്ളത് 2.7 ഏക്കറിനെക്കുറിച്ച് മാത്രമാണ്. അതിൽ മൂന്നിലൊന്ന് മുസ്ലിംകളുടേതാണെങ്കിൽ അവർക്ക് അവരുടെ ഓഹരി നൽകണം. വിവാദ ഭൂമിക്കു പുറത്ത് 2.7 ഏക്കർ നൽകിയാൽ നന്നായി. ഇങ്ങനെയല്ലേ വസ്തു തർക്കം പരിഹരിക്കുക. ഹിന്ദുക്കൾക്ക് ഇതൊരു വൈകാരിക പ്രശ്നമാണ്. അവരുടെ രാം ലാല ജനിച്ച മണ്ണാണ് ഇതെന്നാണ് അവരുടെ വിശ്വാസം. മുസ്ലിംകൾക്ക് ആ ഭൂമിയുമായി വൈകാരിക ബന്ധമൊന്നുമില്ല. ഇലക്ഷനു മുമ്പ് കോടതി അതു തീർപ്പാക്കണം.
ചോ: ശബരിമല വിഷയത്തിൽ കോടതി വിധിയെക്കുറിച്ച് എന്ത് പറയുന്നു?
ഉ: ശബരിമല വിഷയവും ലിംഗനീതിയും തമ്മിൽ ബന്ധമൊന്നുമില്ല. ദേവി ക്ഷേത്രങ്ങൾ ഒരുപാടുണ്ട്. ക്ഷേത്രം പ്രാർഥിക്കാനുള്ള സ്ഥലമല്ല. ദർശനത്തിനാണ് അവിടെ പോവുന്നത്. ശബരിമലയിലെ പ്രതിഷ്ഠ ബ്രഹ്മചാരിയാണ്. അവിടം പ്രതിഷ്ഠയുടെ വാസസ്ഥാനമാണ്, കിടപ്പുമുറി. എന്തിനാണ് അവിടേക്ക് പോവാൻ വാശി പിടിക്കുന്നത്? ക്ഷേത്രത്തിൽ എന്താണ് നടത്തേണ്ടത് എന്ന് കോടതിയല്ല തീരുമാനിക്കേണ്ടത്.
ചോ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം യഥാർഥ ദിശയിലുള്ള നീക്കമാണോ?
ഉ: ഈ ആശയം നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇലക്ഷനായതു കൊണ്ടാണ് ഈ പ്രഖ്യാപനമെന്ന് ചിലർ പറഞ്ഞേക്കാം. പക്ഷേ രാജ്യത്ത് എപ്പോഴും ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്ത് ഇലക്ഷൻ നടന്നുകൊണ്ടിരിക്കുമല്ലോ?






