ഇടുക്കി-പെരിയാര്‍ കടുവാസങ്കേതത്തില്‍ മാലിന്യ ടാങ്കില്‍ അകപ്പെട്ട കുട്ടിക്കാട്ടാനയെ കരകയറ്റി. തേക്കടിയിലെ കെ. ടി. ഡി. സി ഹോട്ടലായ പെരിയാര്‍ ഹൗസിന് മുന്‍വശത്തുള്ള പത്ത് അടി താഴ്ചയുള്ള സിമന്റ് ടാങ്കിന്റെ മൂടി തകര്‍ന്നാണ് കുട്ടിയാന അകപ്പെട്ടത്. ടാങ്കില്‍ മലിനജലം നിറഞ്ഞിരുന്നു. പിടിയാന രണ്ട് കുട്ടികളുമായാണ് പരിസരത്ത് എത്തിയത്. മൂത്ത ആനക്കുട്ടിയാണ് ടാങ്കിലകപ്പെട്ടത്. മൂത്ത കൂട്ടി അപകടത്തില്‍പ്പെട്ടതോടെ തളളയാനയും രണ്ട് വയസുളള കുട്ടിയും പരിസരത്ത് പരിഭ്രാന്തി പരത്തി.
പുലര്‍ച്ചയോടെ വനപാലകര്‍ വിവരമറിഞ്ഞെങ്കിലും വളരെ വൈകിയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. മണ്ണ് മാന്തി യന്ത്രത്തിന്റെ സഹായത്തോടെ ഒന്നര മണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ ആനയെ ടാങ്കില്‍ നിന്നും രക്ഷപ്പെടുത്തി. കുട്ടിയാന സ്വയം കരകയറാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
ചിത്രം-മാലിന്യ ടാങ്കില്‍ അകപ്പെട്ട കുട്ടി കാട്ടാനയെ കരകയറ്റുന്നു