സഹകരണം ശക്തമാക്കാന്‍ സൗദി-ഇന്ത്യ ഏകോപന സമിതി സ്ഥാപിക്കും

റിയാദ്- ഇന്ത്യയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി-ഇന്ത്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 19, 20 തീയതികളില്‍ നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തില്‍ ഒപ്പുവെക്കുന്ന സുപ്രധാന കരാറാണിത്.  തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ അല്‍യെമാമ കൊട്ടാരത്തില്‍ ഇന്നലെ ഉച്ചക്കു ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗം കരാര്‍ ഒപ്പിടാന്‍ കിരീടാവകാശിയെ ചുമതലപ്പെടുത്തി. കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലില്‍ സൗദി ഭാഗം പ്രസിഡന്റ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനായിരിക്കും.
റേഡിയോ, ടെലിവിഷന്‍ സംപ്രേഷണ മേഖലയില്‍ സഹകരിക്കുന്നതിനും ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കും. ഇക്കാര്യത്തില്‍  ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിന് സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ മീഡിയ മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ഇന്ത്യയുമായി കരാര്‍ ഒപ്പുവെക്കുന്നതിന് സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ വാണിജ്യ, നിക്ഷേപ മന്ത്രിയെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ടൂറിസം മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിന് ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിനും മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ടൂറിസം മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തുന്നതിനും ധാരണാപത്രം ഒപ്പുവെക്കുന്നതിനും സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്റ് നാഷണല്‍ ഹെറിറ്റേജ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനെ മന്ത്രിസഭാ യോഗം അധികാരപ്പെടുത്തി. ഇന്ത്യയിലെ നാഷണല്‍ ഫണ്ട് ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപം നടത്തുന്നതിന് ഇന്ത്യന്‍ ഗവണ്‍മെന്റുമായി ചര്‍ച്ചകള്‍ നടത്തി ധാരണാപത്രം ഒപ്പുവെക്കുന്നതിന് ഊര്‍ജ, വ്യവസായ മന്ത്രിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
2016 ല്‍ പ്രധാനമന്ത്രി മോഡി നടത്തിയ സൗദി സന്ദര്‍ശനത്തിന്റെ അനുബന്ധമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ഇന്ത്യ സന്ദര്‍ശനം. പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യ നിക്ഷേപം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ ഉഭയകക്ഷി സഹകരണ കരാറുകളുണ്ട്.

 

Latest News