മത്സരിക്കുമോ? ശരദ് പവാർ

മധ കണ്ട് മനം മാറ്റം
എൻ.സി.പിയുടെ സ്ഥാപക നേതാവ് ശരദ് പവാർ താൻ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് പലതവണ വ്യക്തമാക്കിയതാണ്. 2014 ൽ വാക്കുപാലിച്ച് മാറി നിൽക്കുകയും ചെയ്തു. തന്റെ തട്ടകമായ ബാരാമതി മകൾ സുപ്രിയ സൂലെക്ക് വിട്ടുനൽകി. എന്നാൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കുമ്പോൾ പഴയ കോൺഗ്രസ് അതികായന് മനം മാറ്റം. എൻ.സി.പി ഉരുക്കുകോട്ടയായ ഷോളാപ്പൂരിലെ മധയിൽനിന്ന് മത്സരിക്കാനൊരുങ്ങുകയാണ് പവാർ. മധയിലെ നിലവിലെ എൻ.സി.പി എം.പി വിജയ് സിംഗ് മോഹിതെ പാട്ടീൽ ഉൾപ്പെടെ സീനിയർ നേതാക്കൾ തന്നെ മത്സരിക്കാൻ 'നിർബന്ധിക്കുക'യാണെന്ന് അദ്ദേഹം പറയുന്നു. പാർട്ടിയുടെ വിശാലതാൽപര്യം മാനിച്ച് പവാർ മത്സര രംഗത്തിറങ്ങുമെന്നു തന്നെയാണ് കരുതുന്നതെന്ന് എൻ.സി.പി നേതാവ് പ്രഫുൽ പട്ടേൽ. പവാർ മത്സരിക്കുന്നത് സംസ്ഥാനത്ത് പാർട്ടി പ്രവർത്തകർക്ക് ആവേശം പകരുമെന്നും അദ്ദേഹം പറഞ്ഞു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്ന പവാർ, പക്ഷെ ഇപ്പോൾ രാജ്യസഭാംഗമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ ഈയിടെ വരെ അദ്ദേഹം തള്ളിയിരുന്നു. പവാർ മത്സരിക്കുമെന്ന് സൂചന വന്നതോടെ ബി.ജെ.പി അദ്ദേഹത്തിനെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ബാരാമതിയിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ അദ്ദേഹത്തെ വെല്ലുവിളിച്ചു. ബാരാമതി കഴിഞ്ഞ തവണ തങ്ങൾക്ക് നഷ്ടപ്പെട്ടത് ചെറിയ വോട്ടിനാണെന്നും അതിനു കാരണം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാതിരുന്നതാണെന്നും ഇത്തവണ താമര ചിഹ്നത്തിൽതന്നെ പൊരുതി മണ്ഡലം പിടിച്ചെടുക്കുമെന്നും ഷാ പറയുന്നു. 
മധ മണ്ഡലത്തിലേക്ക് കണ്ണുവെച്ചിരിക്കുന്ന നിരവധി എൻ.സി.പി നേതാക്കളെ നിരാശപ്പെടുത്തുന്നതായിരിക്കും പവാറിന്റെ തീരുമാനം. സിറ്റിംഗ് എം.പി വിജയ് സിംഗ് മോഹിതെ പാട്ടീൽ സീറ്റ് നൽകിയില്ലെങ്കിൽ ബി.ജെ.പിയിലേക്ക് കാലുമാറി താമര ചിഹ്നത്തിൽ മത്സരിച്ചേക്കുമെന്നും ശ്രുതിയുണ്ട്. പവാറും മോഹിതെ പാട്ടീലുമായി ഏറ്റുമുട്ടേണ്ടി വരുന്നത് കോൺഗ്രസ്- എൻ.സി.പി സഖ്യത്തിന് ഉറച്ച മണ്ഡലത്തിൽ ക്ഷീണം ചെയ്യും. 
2014 ൽ സുപ്രിയ സൂലെ ബരാമതിയിൽ എൻ.ഡി.എ സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷയിലെ (ആർ.എസ്.പി) മഹാദേവ് ജാൻകറിനെ തോൽപിച്ചത് 70,000 വോട്ടിനാണ്. വർഷങ്ങളായി ശരദ് പവാർ കുത്തകയാക്കി വെച്ച മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. ബാരാമതി ലോക്‌സഭാ മണ്ഡലത്തിൽ ആറ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതിൽ രണ്ടെണ്ണം മാത്രമാണ് എൻ.സി.പിക്ക് കിട്ടിയത്. ബി.ജെ.പിയും ശിവസേനയും ആർ.എസ്.പിയും കോൺഗ്രസും അവശേഷിച്ച മണ്ഡലങ്ങൾ പങ്കിട്ടെടുത്തു. പൊതു തെരഞ്ഞെടുപ്പ് ആസന്നമായതോടെ സുപ്രിയ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. പവാർ എന്തുകൊണ്ട് ബാരാമതിയിൽ മത്സരിക്കുന്നില്ലെന്ന് ചോദിച്ചപ്പോൾ പാർട്ടിക്ക് ഇപ്പോൾ തന്നെ അവിടെ മികച്ച സ്ഥാനാർഥിയുണ്ടെന്നായിരുന്നു ഒരു മുതിർന്ന എൻ.സി.പി നേതാവിന്റെ മറുപടി. 
2009 ലും സുപ്രിയ സൂലെ ബാരാമതിയിൽ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മകൾക്കു വേണ്ടി ശരദ് പവാർ മധയിലേക്കു മാറി. പൂനെ ജില്ലയിലെ തന്റെ ജന്മസ്ഥലമായ ബാരാമതിയിൽ നിന്ന് 1984 ലാണ് പവാർ ആദ്യം തെരഞ്ഞെടുക്കപ്പെടുന്നത്. 1991 ലെ ഉപതെരഞ്ഞെടുപ്പ് മുതൽ 2004 വരെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2004 ൽ പവാറിന് 4.22 ലക്ഷത്തിന്റെയും 2009 ൽ സുപ്രിയ സൂലെക്ക് 3.36 ലക്ഷത്തിന്റെയും ഭൂരിപക്ഷമുണ്ടായിരുന്നു. 2008 ലാണ് മധ ലോക്‌സഭാ മണ്ഡലം രൂപം കൊണ്ടത്. അവിടെനിന്ന് 2009 ൽ പവാർ 3.14 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2014 ൽ മോഹിതെ പാട്ടീൽ വെറും 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിനും. 

Latest News