പാർലമെന്റ് കണ്ട വനിതകൾ വിരളം

മലപ്പുറം- സ്ത്രീശാക്തീകരണത്തെ കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങൾ ഘോരഘോരം പ്രസംഗിക്കുമെങ്കിലും പാർലമെന്ററി രാഷ്ട്രീയത്തിൽ സ്ത്രീകളെ പരിഗണിക്കുന്നതിൽ എക്കാലത്തും പാർട്ടികൾ വിമുഖരാണ്. ഫലമാകട്ടെ, ഇന്ത്യൻ പാർലമെന്റിൽ എത്തിയിട്ടുള്ള മലയാളികളായ വനിതകളുടെ എണ്ണം വിരലിലെണ്ണാവുന്നത് മാത്രം. വടക്കൻ കേരളത്തിൽ നിന്ന് കഴിഞ്ഞ ആറര പതിറ്റാണ്ടായി പാർലമെന്റിലെത്തിയത് മൂന്നു പേർ മാത്രം. ഇവർ മൂന്നുപേരും സി.പി.എമ്മുകാരുമാണ്. പുരുഷ കേന്ദ്രീകൃതമായ സ്ഥാനാർഥി നിർണയമാണ് പാർലമെന്റ് തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ കണ്ടു വരുന്നത്. സ്ത്രീകളെ മൽസരിപ്പിക്കാൻ തന്നെ മിക്കവാറും എല്ലാ പാർട്ടികൾക്കും എതിർപ്പാണ്. വിജയസാധ്യതയുള്ള സീറ്റ് നൽകുന്നത് ഏറെ വിരളം.
പൊന്നാനി മുതൽ കാസർകോട് വരെയുള്ള മണ്ഡലങ്ങളിൽ രണ്ടിടങ്ങളിൽ മാത്രമാണ് വനിതകൾ പാർലമെന്റിലേക്ക് വിജയിച്ചിട്ടുള്ളത്, കണ്ണൂരിലും വടകരയിലും. സി.പി.എം നേതാക്കളായ എ.കെ. പ്രേമജം, പി.കെ. ശ്രീമതി, പി.സതീദേവി എന്നിവരാണ് വടക്കൻ കേരളത്തിൽനിന്ന് ഇന്ത്യൻ പാർലമെന്റിൽ എത്തിയിട്ടുള്ളവർ.  ഇതിൽ പി.കെ. ശ്രീമതി മാത്രമാണ് നിലവിലുള്ള പാർലമെന്റ് അംഗം. 1952 മുതൽ 2014 വരെ നടന്ന തെരഞ്ഞെടുപ്പിൽ നാലു തവണ മാത്രമാണ് വനിതകൾ വിജയിച്ചത്. വടകരയിൽ നിന്ന് 1998 ൽ എ.കെ. പ്രേമജത്തിന്റെ വിജയമായിരുന്നു ആദ്യത്തേത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് പ്രേമജം നിലനിർത്തുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും വടകരയിൽ പ്രേമജം വിജയിച്ച് പാർലമെന്റിലെത്തി. 2004 ൽ വടകര സീറ്റിൽ സി.പി.എമ്മിലെ തന്നെ പി. സതീദേവിയാണ് വിജയിച്ചത്. തുടർച്ചയായ മൂന്നു തെരഞ്ഞെടുപ്പുകളിൽ വനിതകൾ വിജയിച്ച മണ്ഡലമെന്ന പ്രത്യേകതയും വടകരക്കുണ്ട്. പിന്നീട് 2014ൽ കണ്ണൂരിൽ പി.കെ. ശ്രീമതി ടീച്ചർ നേടിയ വിജയം ഏറെ തിളക്കമുള്ളതായിരുന്നു. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ് അവർ പിടിച്ചെടുക്കുകയായിരുന്നു.
സി.പി.എമ്മിന് വേണ്ടി പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയിച്ച വനിതകളെല്ലാം രാഷ്ട്രീയത്തിൽ തിളങ്ങിയവരാണ്. വടകരയിൽ രണ്ടു തവണ വിജയിച്ചു റെക്കോർഡിട്ട എ.കെ. പ്രേമജം നേരത്തെ കോഴിക്കോട് കോർപറേഷൻ മേയറായിരുന്നു. പാർലമെന്റിലെത്തുന്നതിന് മുമ്പ് പി.കെ. ശ്രീമതി എം.എൽ.എയും ആരോഗ്യമന്ത്രിയുമായിരുന്നു. മികച്ച പൊതുപ്രവർത്തനത്തിലൂടെ ജനകീയപിന്തുണ നേടിയെടുത്ത നേതാവാണ് പി. സതീദേവി. കണ്ണൂർ, വടകര മണ്ഡലങ്ങളെ മാറ്റി നിർത്തിയാൽ വടക്കൻ കേരളത്തിലെ മറ്റ് അഞ്ചു മണ്ഡലങ്ങളിലും വനിതകൾക്ക് ഇതുവരെ പാർലമെന്റിൽ എത്താനായിട്ടില്ല. കാസർകോട്, കോഴിക്കോട്, പൊന്നാനി, മലപ്പുറം, വയനാട് മണ്ഡലങ്ങളിലൊന്നും വനിതകളെ വിജയിപ്പിച്ചെടുക്കാൻ ഒരു മുന്നണിക്കും കഴിഞ്ഞിട്ടില്ല. കാസർകോട് മണ്ഡലത്തിൽ 2009 ൽ കോൺഗ്രസിലെ ഷാഹിദ കമാലും 2014 ൽ മലപ്പുറത്ത് സി.പി.എമ്മിലെ പി.കെ. സൈനബയും മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. ഇടതുപക്ഷമാണ് സ്ത്രീകളെ സ്ഥാനാർഥികളായി പരിഗണിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. കോൺഗ്രസിൽ മഹിളാ കോൺഗ്രസ് നടത്തുന്ന സമ്മർദങ്ങളുടെ ഫലമായി വിജയസാധ്യതയില്ലാത്ത സീറ്റുകളാണ് വനിതകൾക്ക് നൽകാറുള്ളത്. മുസ്‌ലിം ലീഗ് ആകട്ടെ ജില്ലാ പഞ്ചായത്തിനപ്പുറത്തേക്ക് സ്ത്രീകളെ മൽസരിപ്പിക്കാറുമില്ല. 
 

Latest News