പാലക്കാട്- ആലത്തൂർ സംവരണ മണ്ഡലത്തിലേക്ക് യു.ഡി.എഫ് ലക്ഷണമൊത്ത സ്വതന്ത്ര സ്ഥാനാർഥിയെ തേടുന്നു. സംസ്ഥാനത്ത് യു.ഡി.എഫിന് ഏറ്റവും കുറവ് വിജയസാധ്യത കൽപ്പിക്കപ്പെടുന്ന ആലത്തൂരിൽ പാർട്ടി ചിഹ്നത്തിൽ ആരെയെങ്കിലും മൽസരിപ്പിച്ചിട്ട് കാര്യമില്ലെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ പേരാണ് ഒരു ഘട്ടത്തിൽ മുന്നണിയുടെ ചർച്ചകളിൽ ഉയർന്നുവന്നിരുന്നത്. എന്നാൽ മൽസരിക്കാനില്ലെന്ന് താരം വ്യക്തമാക്കിയതോടെ മറ്റു വഴി തേടേണ്ട അവസ്ഥയിലാണ് കോൺഗ്രസും യു.ഡി.എഫും. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി ലിസ്റ്റ് വരുമ്പോൾ ആലത്തൂരിലെ കാര്യം അതിലുണ്ടാവാനിടയില്ല. നേരത്തേ ഒറ്റപ്പാലം സംവരണ മണ്ഡലത്തിൽ കെ.ആർ. നാരായണനെ കളത്തിലിറക്കിയതുപോലെ ഉദ്യോഗതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ആരെയെങ്കിലും രംഗത്തിറക്കാനാണ് നീക്കം. എൽ.ഡി.എഫ് സ്ഥാനാർഥി ആരെന്ന കാര്യത്തിൽ തീരുമാനം വന്നതിനുശേഷം മതി ഇതെന്ന വാദവും ശക്തമാണ്. നിലവിലുള്ള എം.പി പി.കെ. ബിജുവിന് ഒരുവട്ടം കൂടി അവസരം നൽകുന്നില്ലെങ്കിൽ മുൻസ്പീക്കർ കെ. രാധാകൃഷ്ണനായിരിക്കും ആലത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി എന്നത് ഏറെക്കുറെ ഉറപ്പാണ്.
പാലക്കാട്-തൃശൂർ ജില്ലകളിലായി പരന്നു കിടക്കുന്ന ആലത്തൂർ ലോക്സഭാ മണ്ഡലത്തെ ചുവപ്പിച്ചു നിർത്തുന്നത് പാലക്കാട്ടെ നിയമസഭാ മണ്ഡലങ്ങളാണ്. സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളുൾപ്പെടുന്ന ആലത്തൂർ, തരൂർ, നെന്മാറ നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നേടുന്ന മേൽക്കയ്യ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങളുടെ സഹായത്തോടെ മറികടക്കുക എന്നതാണ് യു.ഡി.എഫിന്റെ ഗെയിംപ്ലാൻ. ചിറ്റൂർ, ചേലക്കര മണ്ഡലങ്ങളിൽ ഇരുകൂട്ടരും തുല്യശക്തികളാണ്. നേരത്തേ നിലവിലുണ്ടായിരുന്ന ഒറ്റപ്പാലം ലോക്സഭാ മണ്ഡലം ഇല്ലാതായതോടെ 2009ൽ രൂപീകരിച്ച ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ ഇരുവട്ടവും പി.കെ. ബിജുവാണ് ചെങ്കൊടി പാറിച്ചത്. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം വീശിയടിച്ച 2009ലെ തെരഞ്ഞെടുപ്പിൽ നാട്ടുകാരിയായ കെ.എ. ഷീബയെ 37312 വോട്ടിന് തറപറ്റിച്ച് വരത്തനായ ബിജു വിജയം കൊയ്തത് ശ്രദ്ധേയമായി. ആ വർഷം സംസ്ഥാനത്ത് എൽ.ഡി.എഫിന്റെ ഏറ്റവും മികച്ച വിജയമായിരുന്നു അത്. 2014ൽ ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഒരു ഘട്ടത്തിലും സി.പി.എം സ്ഥാനാർഥിക്ക് വെല്ലുവിളി ഉയർത്താൻ യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ. സുധീറിന് കഴിഞ്ഞില്ല.
യു.ഡി.എഫ് സംവിധാനത്തിൽ ആലത്തൂർ കോൺഗ്രസിന് അവകാശപ്പെട്ടതാണെങ്കിലും ആ പാർട്ടിയിലെ മുതിർന്ന നേതാക്കളാരും മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യം കാണിച്ച് മുന്നോട്ടുവരുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പന്തളം സുധാകരനെപ്പോലുള്ള ഒരു മുതിർന്ന നേതാവ് മൽസരത്തിനിറങ്ങി ആലത്തൂരിലെ പോരാട്ടം രാഷ്ട്രീയ മൽസരം ആയി ഏറ്റെടുക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്നാൽ അതിനു സാധ്യതയില്ലെന്നാണ് റിപ്പോർട്ട്. മണ്ഡലം യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടിലെഴുതി ഏതെങ്കിലുമൊരു യുവനേതാവിനെ കളത്തിലിറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു മാത്രം.






