സോളാർ റിപ്പോർട്ടും സരിതയുടെ പരാതിയും  എൽ.ഡി.എഫ് ആയുധമാക്കും; കോൺഗ്രസിന് ആശങ്ക

കൊച്ചി- ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ സിപിഎം ഉപയോഗിക്കാൻ പോകുന്ന മൂർച്ചയുള്ള ആയുധങ്ങളിലൊന്ന് സോളാർ കമ്മീഷൻ റിപ്പോർട്ടും സരിതാ എസ്. നായരുടെ പരാതിയിൽ പോലീസ് ചുമത്തിയിട്ടുള്ള കേസുമായിരിക്കും. 
സോളാർ കമ്മീഷൻ ശുപാർശ സർക്കാർ അംഗീകരിക്കുകയും ഉമ്മൻചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കാൻ തീരുമാനിക്കുകയും പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകുകയും ചെയ്തുവെങ്കിലും സാങ്കേതികവും രാഷ്ട്രീയവുമായ കാരണങ്ങളാൽ അന്വേഷണം മരവിച്ചു. 
അതേസമയം ഇതിന് പിന്നാലെ സരിത എസ്. നായർ നൽകിയ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി വേണുഗോപാലിനെതിരെ ബലാത്സംഗത്തിനും ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. 
ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തുന്നതോടെ സോളാർ വിവാദം അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ നൽകിയ ശുപാർശയിൽ പ്രത്യേകാന്വേഷണ സംഘം അന്വേഷണ നടപടികൾ ഊർജിതമാക്കുമെന്നാണ് സൂചന. ഇതോടൊപ്പം സരിത നൽകിയ ബലാൽസംഗ കേസിലും തുടർനടപടികൾ സജീവമാകും.
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സിപിഎം കരുതി വെച്ചിരിക്കുന്ന സോളാർ ബോംബിനെ ഭയക്കുന്നവരിൽ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, എഐസിസി കോർ കമ്മിറ്റി അംഗമായ കെ.സി വേണുഗോപാൽ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, അടൂർ പ്രകാശ്, തമ്പാനൂർ രവി, ബെന്നി ബഹനാൻ, എൻ. സുബ്രഹ്മണ്യം, ബഷീർ അലി തങ്ങൾ തുടങ്ങി നിരവധി പേരുണ്ട്. സോളാർ കേസിൽ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി വരെ ആരോപണ വിധേയനാണ്.
സോളാർ കമ്മീഷൻ റിപ്പോർട്ട് നൽകിയതിനെ തുടർന്ന് തുടർനടപടികൾക്കായി രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വിരമിക്കുകയും സ്ഥലം മാറുകയും ചെയ്തതിനെ തുടർന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥർ വന്നെങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. 
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ആഭ്യന്തര വകുപ്പ് നിയന്ത്രിക്കുന്ന സിപിഎം തുടർ നടപടികൾ വൈകിച്ചുവെന്നാണ് സൂചനകൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ പ്രത്യേകാന്വേഷണ സംഘം നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് സോളാർ കമ്മീഷന്റെ പ്രധാന ശുപാർശ. ലൈംഗിക പീഡന പരാതിയിലും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കും. 
ഇതിന് പുറമെയാണ് സരിത എസ്. നായർ നൽകിയ പരാതിയിൽ നടക്കുന്ന പോലീസ് അന്വേഷണം. 2014ലെ ഒരു ഹർത്താൽ ദിനത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി തന്നെ ലൈംഗിക വൈകൃതത്തിനിരയാക്കിയെന്നാണ് സരിതയുടെ പരാതിയിൽ പറഞ്ഞിട്ടുള്ളത്.  കെ.സി വേണുഗോപാലിനെതിരെ ബലാൽസംഗത്തിനാണ് കേസ്. മന്ത്രിയായിരുന്ന എ.പി അനിൽകുമാറിന്റെ റോസ് ഹൗസിൽ വെച്ച് വേണുഗോപാൽ ബലാൽസംഗത്തിനിരയാക്കിയെന്ന് സരിതയുടെ പരാതിയിൽ പറയുന്നു. 
നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എ.പി അനിൽ കുമാർ, അടൂർ പ്രകാശ്, എ.പി അനിൽകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം നസ്സറുള്ള, കോൺഗ്രസ് നേതാവ് എൻ.സുബ്രഹ്മണ്യം, ബഷീർ അലി തങ്ങൾ എന്നിവർക്കെതിരെ പ്രത്യേകം പരാതികൾ വൈകാതെ പോലീസിൽ നൽകുമെന്നാണ് വിവരം. 
ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘ തലവനായിരുന്ന മുൻ ഡി.ജി.പി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, എ.പി അനിൽ കുമാർ, അടൂർ പ്രകാശ് തുടങ്ങിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കം പാളിയത്. എന്നാൽ പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പോലീസ് നിയമോപദേശം ലഭിച്ചു. ഇതോടെയാണ് യുവതി ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായി പോലീസിനെ സമീപിച്ചത്.
തെരഞ്ഞെടുപ്പു വേളയിൽ ഉന്നത നേതാക്കൾക്കെതിരെ ബലാൽസംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും അഴിമതിക്കും കേസുകൾ വരുന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെ നേരിടുന്നതിനുള്ള തന്ത്രങ്ങൾക്കായി തലപുകയ്ക്കുകയാണ് യുഡിഎഫ് നേതൃത്വം. 
 

Latest News