താനെ- ട്രെയിന്‍ മാറിക്കയറി മഹരാഷ്ട്രയില്‍ എത്തപ്പെട്ട യു.പി സ്വദേശിനികളായ രണ്ട് സഹോദരിമാരുടെ മാതാപിതാക്കളെ ഒരു മാസത്തിനുശേഷം കണ്ടെത്തി. നാലും 17 ഉം വയസ്സായ പെണ്‍കുട്ടികളാണ് തെറ്റായ ട്രെയിനില്‍ കയറി മഹാരാഷ്ട്രയില്‍ എത്തിയതെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ദീപക് ദേവ്‌രാജ് പറഞ്ഞു. ഇവരില്‍ ഒരു പെണ്‍കുട്ടിക്ക് ബുദ്ധിവൈകല്യമുണ്ട്.
ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍നിന്ന് ഇവര്‍ അയല്‍ ജില്ലയായ ചാന്ദൗലിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. വീട്ടിലേക്ക് മടങ്ങിയ ഇവര്‍ ഗാസിപുരിലേക്കുള്ള ട്രെയിനില്‍ കയറുന്നതിനു പകരം മുംബൈയിലേക്കുള്ള ട്രെയിനിലാണ് കയറിയത്. ഭോജ്പുരി സംസാരിക്കുന്ന പെണ്‍കുട്ടികളെ താനെ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍വെച്ച് ജനുവരി 15-ന് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാടിനെ കുറിച്ചുള്ള വിവരം നല്‍കാന്‍ പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. കോടതിയില്‍ ഹാജരാക്കിയ കുട്ടികളില്‍ മൂത്തയാളെ താനെ മാനസികാരോഗ്യ ആശുപത്രിയിലും ഇളയവളെ അനാഥാലയത്തിലും പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ട കോടതി മാതാപിതാക്കളെ കണ്ടെത്താന്‍ താനെ പോലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു.
ഭോജ്പുരി സംസാരിക്കുന്ന സ്ത്രീയുടെ സഹായത്തോടെ മൂത്ത പെണ്‍കുട്ടിയുമായി സംസാരിച്ചാണ് ഗാസിപുരാണ് സ്ഥലമെന്ന് മനസ്സിലാക്കിയത്. താനെയിലെത്തിയ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടികളെ കൈമാറി.






