തിരുവനന്തപുരം- സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വനത്തിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ തൊളിക്കോട്് പള്ളിയിലെ മുന്‍ ഇമാം ശഫീഖ് അല്‍ ഖാസിമിക്കെതിരെ വിതുര പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുത്തിരുന്നില്ല. ഒടുവില്‍ തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. മുന്‍കൂര്‍ ജാമ്യത്തിനായി ശഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഇമാം കൗണ്‍സിലും സസ്‌പെന്റ് ചെയ്തു.
സ്‌കൂളില്‍നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥിനിയെ ശഫീഖ് അല്‍ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ വനമേഖലയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംശയാസ്പദ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞെങ്കിലും ഖാസിമി കാറുമായി രക്ഷപ്പെട്ടിരുന്നു.
തൊഴിലുറപ്പ് സ്ത്രീകള്‍ കാറിനുള്ളിലെ പെണ്‍കുട്ടി ആരാണെന്നു ചോദിച്ചപ്പോള്‍ ഭാര്യയാണെന്നായിരുന്നു ശഫീഖ് ഖാസിമി പറഞ്ഞിരുന്നു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നിലവിളിക്കുകയും ചെയ്തു. തുടര്‍ന്ന് തൊളിക്കോട് പള്ളി കമ്മറ്റി അന്വേഷണം നടത്തിയാണ് ഇമാം സ്ഥാനത്തുനിന്ന് പുറത്താക്കിയത്.