റിയാദ്- സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 19,20 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. കിരീടാവകാശിയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെടുന്ന ഉന്നത സംഘം കിരിടാവകാശിയെ അനുഗമിക്കും. 19ന് ദല്‍ഹിയിലത്തെുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തുടങ്ങിയവരുമായി കൂടിക്കാഴ്ചകള്‍ നടത്തും. സുപ്രധാന കരാറുകളില്‍ ഒപ്പുവെക്കുമെന്നും കരുതുന്നു.
പ്രധാനമന്ത്രി മോഡിയുടെ 2016ലെ സൗദി സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ചരിത്രപരമായ നീണ്ടകാലത്തെ ഉറ്റ സൗഹൃദമാണുള്ളതെന്നും രാജ്യങ്ങള്‍ തമ്മിലെ സഹകരണത്തിന് പുറമെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായതായും ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.