ജയ്പൂര്‍- എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മാതാവ് മൗറീന്‍ വദ്രയും പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് മുമ്പാകെ ഹാജരായി. കനത്ത സുരക്ഷയിലാണ് ഇരുവരും ഇ.ഡി. ഉദ്യോഗസ്ഥര്‍ മുമ്പാകെ എത്തിയത്.
കഴിഞ്ഞ ദിവസം ജയ്പൂരില്‍ എത്തിച്ചേര്‍ന്ന ഇരുവരേയും ബികാനിറിലെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്.
ഭര്‍ത്താവിനും ഭര്‍തൃമാതാവിനും പിന്തുണ അറിയിക്കാന്‍ പ്രിയങ്കാ ഗാന്ധി കഴിഞ്ഞ ദിവസം രാത്രി ലഖ്നൗവില്‍നിന്ന് ജയ്പൂരിലെത്തിയിരുന്നു. ഇരുവരേയും ഇ.ഡി ഓഫീസില്‍ എത്തിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയത്. റോബര്‍ട്ട്, മൗറീന്‍ എന്നിവരോടും സ്കൈലൈന്‍ ഹോസ്പിറ്റാലിറ്റി പാര്‍ട്ണര്‍മാരോടും ചൊവ്വാഴ്ച ഇ.ഡി മുമ്പാകെ ഹാജരായി മൊഴി നല്‍കണമെന്ന് ജനുവരി 22 ന് രാജസ്ഥാന് ഹൈക്കോടതിയുടെ ജോധ്പുര്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇ.ഡി മൂന്നാമത്തെ സമന്‍സ് അയച്ചിട്ടും റോബര്‍ട്ട് വദ് രയും മതാവും അവഗണിക്കുകയായിരുന്നു.