Sorry, you need to enable JavaScript to visit this website.

ലെവി കുടിശ്ശിക ഇളവ് മൂന്നര ലക്ഷം  സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടും

റിയാദ് - നിതാഖാത്ത് വ്യവസ്ഥയിൽ ഒരു വർഷമായി പ്ലാറ്റിനം, പച്ച കാറ്റഗറിയിൽപെട്ട സ്ഥാപനങ്ങൾക്ക് ലെവി കുടിശ്ശിക ഒഴിവാക്കിയ പദ്ധതി മൂന്നര ലക്ഷത്തിലേറെ സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടും. സ്വകാര്യ മേഖലയിൽനിന്ന് വ്യാപകമായ സ്വാഗതമാണ് പദ്ധതിക്ക് ലഭിച്ചത്. 
ലെവി പ്രാബല്യത്തിലാകും മുമ്പെ ഇഖാമ പുതുക്കി ലെവിയിൽനിന്ന് ഒഴിവാകാൻ ശ്രമിച്ച തൊഴിലാളികൾ ഉള്ള കമ്പനികൾക്കാണ് തൊഴിൽ മന്ത്രാലയം ലെവി ഇൻവോയ്‌സ് നൽകിയിരുന്നത്. ഈ കുടിശ്ശിക മാത്രമാണ് ഈ പദ്ധതിയിലൂടെ ഒഴിവാക്കിയിരിക്കുന്നത്. ലെവി ഈടാക്കുന്നത് ഇനിയും തുടരും. 
സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകിയത് പ്രതിസന്ധിയിലായ ആയിരക്കണക്കിന് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുഗ്രഹമായി.  
നേരത്തെ ലെവി ഇൻവോയ്‌സ് അടച്ച, 12 മാസമായി നിതാഖാത്തിൽ പ്ലാറ്റിനം, ഉയർന്ന പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നീ കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്ക് ഈ തുക തിരികെ ലഭിക്കും. ഇതിനായി 1150 കോടി റിയാൽ ചെലവഴിക്കാൻ രാജാവ് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ബജറ്റിൽ 20,000 കോടി റിയാൽ ആണ് വകയിരുത്തിയിരിക്കുന്നത്. കുടിശ്ശിക അടച്ചിട്ടില്ലെങ്കിൽ ഇനി അടക്കേണ്ടതുമില്ല. ചുവപ്പ്, മഞ്ഞ കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾക്ക് 12 മാസത്തിനകം ഉയർന്ന പദവിയിലേക്ക് മാറിയാൽ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 
2018 ജനുവരി ഒന്ന് മുതലാണ് മുഴുവൻ വിദേശികൾക്കും ലെവി ഒടുക്കാൻ സ്വകാര്യ സ്ഥാപനങ്ങളെ നിഷ്‌കർഷിച്ചത്. ഉയർന്ന നിരക്കിലുള്ള ലെവി ഒഴിവാക്കുന്നതിന് 2018 ൽ കാലാവധി അവസാനിപ്പിക്കുന്ന തൊഴിലാളികളുടെ ഇഖാമയും വർക്ക് പെർമിറ്റും ചില സ്ഥാപനങ്ങൾ 2017 ൽ മുൻകൂട്ടി പുതുക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് തങ്ങളുടെ തൊഴിലാളികളുടെ വർക്ക് പെർമിറ്റിൽ 2018 ൽ അവശേഷിച്ച കാലത്തേക്കുള്ള പുതിയ നിരക്കിലുള്ള ലെവി ഈടാക്കുന്നതിനാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇൻവോയ്‌സ് ഇഷ്യു ചെയ്തിരുന്നത്. 
എന്നാൽ വിപണിയിലെ മാന്ദ്യംമൂലം കടുത്ത തിരിച്ചടി നേരിട്ട വ്യാപാരികൾ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. 
തുടർന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ താൽപര്യങ്ങളും അഭിപ്രായങ്ങളുംകൂടി മാനിച്ച് തയാറാക്കിയ പദ്ധതിക്ക് രാജാവ് അംഗീകാരം നൽകിയത്.

 

Latest News