നവീൻ പട്‌നായിക്കിന്റെ സമദൂര സിദ്ധാന്തം

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഇലക്ഷൻ കൂടി നടക്കുന്ന സംസ്ഥാനമാണ് ഒഡീഷ. കോൺഗ്രസിന്റെയും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലെയും അതികായനായിരുന്ന ബിജു പട്‌നായിക്കിന്റെ ഇളയ പുത്രൻ നവീൻ പട്‌നായിക് അച്ഛനു പോലും സാധിക്കാത്ത വിധത്തിൽ അഞ്ചാം തവണ മുഖ്യമന്ത്രിയാവാനൊരുങ്ങുകയാണ്. 

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതുല്യ ചരിത്രമാണ് ബിജു പട്‌നായിക്കിന്റേത്. ബിജു പട്‌നായിക് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും വ്യത്യസ്ത രാഷ്ട്രീയ ധാരകളിലും രാഷ്ട്രീയം പയറ്റിയ കാലത്തൊന്നും നവീൻ ആ ഭാഗത്തേയുണ്ടായിരുന്നില്ല. ഡൂൺ സ്‌കൂളിൽ പഠിച്ച് എഴുത്തുകാരനായ നവീന് ഒഡീഷ ഭാഷ പോലും വശമുണ്ടായിരുന്നില്ല. ബിജു പട്‌നായിക് മരിച്ച ശേഷമാണ് നവീൻ രാഷ്ട്രീയത്തിൽ സജീവമായതും ബിജു ജനതാദൾ രൂപീകരിച്ചതും. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നവീന് ഒഡീഷയിൽ വലിയ വെല്ലുവിളിയുണ്ടാവാൻ സാധ്യത കുറവാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കർക്കശ നിലപാട് സ്വീകരിക്കുന്ന ബി.ജെ.പി പോലും നവീൻ പട്‌നായിക്കിനോട് മൃദുസമീപനമാണ് പുലർത്തുന്നത്. ബി.ജെ.പിയോടും പ്രതിപക്ഷ പാർട്ടികളോടും സമദൂരം പുലർത്തുകയും ഒപ്പം ഒഡീഷയിൽ അജയ്യത നേടുകയും ചെയ്ത നവീൻ പട്‌നായിക് ഇന്ത്യൻ രാഷ്ട്രീയത്തിലെ അദ്ഭുതമാണ്.
ലോക്‌സഭയിൽ 20 എം.പിമാരുണ്ട് ബിജു ജനതാദളിന്. 2014 ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 21 മണ്ഡലങ്ങളിൽ ഇരുപതിലും ബി.ജെ.ഡി ജയിച്ചു. സുന്ദർഗഢിൽ മാത്രമാണ് തോറ്റത്. ലോക്‌സഭയിൽ സമദൂര സിദ്ധാന്തം പാലിക്കുകയായിരുന്നു അവർ. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിനെ പിന്തുണച്ച ബി.ജെ.ഡി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വെങ്കയ്യ നായിഡുവിനെ എതിർത്തു. അടുത്ത ഇലക്ഷനിൽ എൻ.ഡി.എക്ക് ഭൂരിപക്ഷം നേടാനാവാതെ വന്നാൽ അവർ സമീപിക്കുന്ന പ്രധാനപ്പെട്ട കക്ഷികളിലൊന്ന് ബി.ജെ.ഡി ആയിരിക്കും.
ഒഡീഷയിൽ ത്രികോണ മത്സരമാണ് അരങ്ങേറുക. 2014 ൽ കോൺഗ്രസിന് സംസ്ഥാനത്ത് ഒരു സീറ്റ് പോലും കിട്ടിയില്ല. ബി.ജെ.പി ഒരു സീറ്റിലൊതുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 147 സീറ്റിൽ ബി.ജെ.ഡി 117 സീറ്റ് നേടി. കോൺഗ്രസിന് പതിനാറും ബി.ജെ.പിക്ക് പത്തും സീറ്റ് കിട്ടി. ഒഡീഷയിൽ ഇപ്പോൾ കാലുമാറ്റങ്ങളുടെ കാലമാണ്. കാലുമാറ്റങ്ങൾ കോൺഗ്രസിനെയാണ് ദുർബലമാക്കുന്നത്. സംസ്ഥാന വർ്ക്കിംഗ് പ്രസിഡന്റും ജാർസുഗുഡയിലെ എം.എൽ.എയുമായ നബ ദാസിന്റെ ബി.ജെ.ഡിയിലേക്കുള്ള കാലുമാറ്റം കോൺഗ്രസിന് കനത്ത പ്രഹരമായിരുന്നു. നബ ദാസും കുടുംബവും മുഖ്യമന്ത്രിയെ സന്ദർശിച്ചതു മുതൽ ഊഹാപോഹങ്ങൾ പരക്കുന്നുണ്ടായിരുന്നു. ഒഡീഷയിലെ ബി.ജെ.ഡി തരംഗത്തിനിടയിലും രണ്ടു തവണ ജാർസുഗുഡയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാൻ മാത്രം ജനപ്രിയനാണ് നബ ദാസ്. വിദ്യാർഥി രാഷ്ട്രീയം മുതൽ കോൺഗ്രസിന്റെ കൂടെയായിരുന്നു അദ്ദേഹം. ജാർസുഗുഡ ജില്ലയിലെ ഒമ്പത് ജില്ലാ പരിഷത്തുകളിൽ എട്ടും നേടാൻ കോൺഗ്രസിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ നേതൃത്വ ശേഷി കാരണമായിരുന്നു. തെക്കൻ ഒഡീഷയിലും പടിഞ്ഞാറൻ ഒഡീഷയിലും സമ്പൂർണ ആധിപത്യം നേടാൻ ശ്രമിക്കുന്ന ബി.ജെ.ഡിക്ക് നബ ദാസിന്റെ സാന്നിധ്യം വലിയ ഊർജം പകരും. 
ജാർസുഗുഡയുടെ അയൽ മണ്ഡലമായ സുന്ദർഗഢിലെ എം.എൽ.എ ജോഗേഷ് സിംഗും കഴിഞ്ഞ ദിവസം കോൺഗ്രസ് വിട്ടു. അദ്ദേഹവും ബി.ജെ.ഡിയിൽ ചേരുകയാണ്. മറ്റു ചില എം.എൽ.എമാരും കൂടു വിടുമെന്നാണ് സൂചന. ബി.ജെ.പിയിൽ നിന്നും ചിലരെ ബി.ജെ.ഡി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം നവീൻ പട്‌നായിക്കിനോടുള്ള എതിർപ്പ് കാരണം ബി.ജെ.ഡിയിൽ നിന്ന് രാജിവെച്ചവരുടെ കൂട്ടായ്മ എങ്ങുമെത്തിയിട്ടില്ല. ബിജു പട്‌നായിക്കിന്റെ പഴയ സുഹൃത്തുക്കളായിരുന്നു ഇതിനു പിന്നിൽ. 
മറ്റു പാർട്ടികളിൽ നിന്നുള്ള ഒഴുക്കിനെ ബി.ജെ.ഡി നേതാക്കളിൽ പലരും ആഹ്ലാദത്തോടെയല്ല വരവേൽക്കുന്നത്. അവരുടെ സീറ്റ് സാധ്യതകളെയാണ് അത് ബാധിക്കുന്നത്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ അറുപതോളം മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റാൻ നവീൻ പട്‌നായിക് തീരുമാനിച്ചതായും സൂചനകളുണ്ട്. ഇത് പാർട്ടിയിൽ വലിയ കോളിളക്കത്തിന് വഴി വെച്ചേക്കാം. 
രണ്ട് പ്രതിപക്ഷ കക്ഷികളും ആത്മവീര്യം നഷ്ടപ്പെട്ടു നിൽക്കേ നവീൻ പട്‌നായിക്കിന് ഏക പ്രശ്‌നം സ്വന്തം പാർട്ടിയിലെ അന്തഃഛിദ്രമായിരിക്കും. അഞ്ചാമൂഴം ഉറപ്പുവരുത്താൻ മുഖ്യമന്ത്രിക്ക് എല്ലാ തന്ത്രങ്ങളും പുറത്തെടുക്കേണ്ടി വരും. 

Latest News