മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചു; അമോല്‍ പലേക്കറുടെ പ്രസംഗം നിര്‍ത്തിച്ചു- Video

മുംബൈ- സര്‍ക്കാരിനെ വിമര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടി മുംബൈ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന ഒരു പരിപാടിക്കിടെ പ്രമുഖ നടനും സംവിധായകനുമായ അമോല്‍ പലേക്കറുടെ പ്രസംഗം നിര്‍ത്തിച്ചു. ചിത്രകാരന്‍ പ്രഭാകര്‍ ബാര്‍വെയുടെ സ്മരണയ്ക്കായി ഒരുക്കിയ ഒരു ചിത്ര പ്രദര്‍ശനത്തിന്റെ ഉല്‍ഘാടന പരിപാടിയിലാണ് കഴിഞ്ഞ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അമോല്‍ക്കറുടെ പ്രസംഗത്തില്‍ ഇടപെടുകയും നിര്‍ത്തിപ്പിക്കുകയും ചെയ്യുന്ന വിഡിയോ പ്രചരിച്ചതോടെ പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തി. നാഷണല്‍ ഗാലറിയുടെ മുംബൈയിലേയും ബംഗളുരുവിലേയും കേന്ദ്രങ്ങളുടെ ഉപദേശക സമിതിയെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പിരിച്ചുവിട്ടതിനെ പ്രസംഗത്തില്‍ പലേക്കര്‍ വിമര്‍ശിച്ചു.

'ഒരു പ്രത്യേക പ്രത്യയശാസ്ത്രവുമായി ചേര്‍ന്ന് നില്‍ക്കുന്ന കലാസൃഷ്ടികള്‍ പ്രചരിപ്പിക്കുന്നതിനോ അല്ലെങ്കില്‍ മോറല്‍ പോലീസ് ചമയാനോ ഉള്ള അജണ്ടയോടെ ചില ഉദ്യോഗസ്ഥരുടെയോ സര്‍ക്കാരിന്റെ ഏജന്റുമാരുടെയോ ഇടപെടലില്ലാത്ത, പ്രാദേശിക കലാകാരന്‍മാരുടെ ഉപദേശക സമിതി തീരുമാനിച്ച അവസനാന പ്രദര്‍ശനമായിരിക്കും ഇതെന്ന് ഒരുപക്ഷേ നിങ്ങള്‍ അറിയില്ല,' വാര്‍ത്തകളെ പരമാര്‍ശിച്ച് പലേക്കര്‍ പ്രസംഗത്തില്‍ പറഞ്ഞു. മൂംബൈയിലേയും ബംഗളുരുവിലേയും പ്രാദേശിക കേന്ദ്രങ്ങളുടെ ഉപദേശക സമിതികളെ 2018 നവംബര്‍ 13-ന് പിരിച്ചുവിട്ടുവെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞത്. ഇതിന്റെ സത്യാവസ്ഥ ഞാന്‍ പരിശോധിച്ചു വരികയാണ്.' പലേക്കര്‍ ഇത്രയും പറഞ്ഞപ്പോഴേക്കും വേദയിലുണ്ടായിരുന്ന ഒരു ഗാലറി അംഗം ഇടപെടുകയും പലേക്കര്‍ ഈ പരിപാടിയെ കുറിച്ചു മാത്രം സംസാരിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു.

ഞാന്‍ സംസാരിക്കുന്നത് അതു തന്നെയാണെന്നും താങ്കള്‍ അത് സെന്‍സര്‍ ചെയ്യുകയാണോ എന്നും, എതിര്‍പ്പുന്നയിച്ച വനിതാ അംഗത്തോട് പലേക്കര്‍ തിരിച്ചു ചോദിച്ചു. ലഭിച്ച വിവരം അനുസരിച്ച് ഇനി പ്രാദേശിക കലാകാരന്‍മാരുടെ സമിതിയെ നീക്കം ചെയ്തതോടെ ഇനി ആരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനം ദല്‍ഹിയില്‍ സാംസ്‌കാരിക മന്ത്രാലയത്തില്‍ നിന്നാകും ഉണ്ടാകുക എന്നു കൂടി പലേക്കര്‍ പറഞ്ഞു. ഇതു കൂടി കേട്ടതോടെ വേദിയിലുണ്ടായിരുന്ന മറ്റൊരു വനിതാ അംഗം കൂടി മുന്നോട്ടു വന്ന് പലേക്കറുടെ പ്രസംഗത്തില്‍ ഇടപെട്ടു. ഈ സമയം ഇത് അനാവശ്യമാണെന്നും ഈ പരിപാടി പ്രഭാകര്‍ ബര്‍വെയെ കുറിച്ചുള്ളതാണെന്നും അവര്‍ ഓര്‍മപ്പെടുത്തി.

എങ്കിലും പലേക്കര്‍ നിര്‍ത്തിയില്ല. നയന്‍താരം സെഹഗാളിനുണ്ടായ അനുഭവം പലേക്കര്‍ എടുത്തു പറഞ്ഞു. ഒരു മറാത്തി സാഹിത്യ സമ്മേളനത്തിലേക്ക് നയന്‍താര സെഹഗാളിനെ ക്ഷണിക്കുകയും അവര്‍ സര്‍ക്കാരിനെതിരെ പ്രസംഗിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് അവസാന നിമിഷം ക്ഷണം പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇതേ സഹാചര്യമാണോ ഇവിടെയും സൃഷിക്കാന്‍ പോകുന്നത് എന്നായിരുന്നു പലേക്കറുടെ ചോദ്യം.
 

Latest News