റോബര്‍ട്ട് വാധ്‌രയെ വീണ്ടും ചോദ്യം ചെയ്യുന്നു, ഇത് മൂന്നാം തവണ


ന്യൂദല്‍ഹി- കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാധ്‌ര വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു(ഇ.ഡി) മുന്നില്‍ ഹാജരായി. തുടര്‍ച്ചയായ മൂന്നാം തവണയാണ് വാധ്‌ര ഇ.ഡിക്കു മുന്നില്‍ ഹാജരാകുന്നത്.

ഇതുവരെ 14 മണിക്കൂറോളം വാധ്‌രയെ ചോദ്യം ചെയ്യലിനു വിധേയനാക്കിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ 10.45നാണ് ദല്‍ഹിയിലെ ജാംനഗര്‍ ഹൗസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ സ്വകാര്യ വാഹനത്തില്‍ വാധ്‌ര എത്തിയത്. മുന്‍പു രണ്ടു തവണയും ചോദ്യം ചെയ്തതിന്റെ തുടര്‍ച്ചയായി ചില സംശയനിവാരണങ്ങള്‍ക്കാണ് വാധ്‌രയെ വീണ്ടും വിളിപ്പിച്ചതെന്ന് ഇ.ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറ്, ഏഴ് ദിവസങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാധ്‌രയെ ചോദ്യം ചെയ്തിരുന്നു. ആദ്യത്തെ തവണ അഞ്ചര മണിക്കൂറോളമാണ് വാധ്‌രയെ ചോദ്യംചെയ്യലിനു വിധേയനാക്കിയത്. രണ്ടാം തവണ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

 

Latest News