അസമില്‍ മോഡിയെ വരവേറ്റത് കരിങ്കൊടികളും ഗോ ബാക്ക് വിളികളും

ഗുവാഹത്തി- പൗരത്വ ബില്ലിനെതിരെ പ്രാദേശിക പ്രതിഷേധം ശക്തമായ അസമില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേറ്റത് കരിങ്കൊടികളും ഗോ ബാക്ക് വിളികളും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിലും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഉല്‍ഘാടനത്തിനുമായി വെള്ളിയാഴ്ചയാണ് മോഡി അസമിലെത്തിയത്. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.എ.എസ്.യു), ക്രിഷക് മുക്രി സംഗ്രം സമിതി തുടങ്ങിയ സംഘടനകള്‍ മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ സംഘടനകള്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരുന്നു. സുരക്ഷാ വേലിക്കെട്ടുകള്‍ ഭേദിച്ച് 70-ഓളം എ.എ.എസ്.യു പ്രവര്‍ത്തകര്‍ മോഡിയുടെ വാഹനത്തിനു സമീപം കരിങ്കൊടി വീശി. ഗോ ബാക്ക് വിളികളുമുയര്‍ന്നു. ഇന്ന് മോഡി പങ്കെടുക്കുന്ന പരിപാടികളിലും കരിങ്കൊടി വീശുമെന്ന് എ.എ.എസ്.യു അടക്കമുള്ള സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് ചങ്‌സാരിയില്‍ മോഡി പൊതുറാലിയില്‍ പങ്കെടുക്കും. ഇവിടെ പുതുതായി നിര്‍മ്മിക്കുന്ന ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ഭൂമി പൂജയിലും മോഡി പങ്കെടുക്കും. 

മോഡി ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ഇത് തദ്ദേശീയരായ ജനങ്ങളുടെ താല്‍പര്യത്തിനെതിരാണെന്നും എ.എ.എസ്.യു നേതാവ് സമുജ്ജല്‍ ഭട്ടാചാര്യ പറഞ്ഞു.
 

Latest News