മക്ക - ഭാര്യയെ ക്രൂരമായി മർദിച്ച സൗദി പൗരനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഫഌറ്റിനു മുന്നിൽ വെച്ച് സൗദി പൗരൻ ഭാര്യയെ ക്രൂരമായി മർദിക്കുന്നതിന്റെയും ഫഌറ്റിനകത്തേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്റെയും യുവതി ഉച്ചത്തിൽ കരയുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് സൗദി പൗരനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിന് മക്ക പ്രവിശ്യ ആക്ടിംഗ് ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സുരക്ഷാ വകുപ്പുകൾക്ക് നിർദേശം നൽകുകയായിരുന്നു.
അൽശറായിഅ് ഡിസ്ട്രിക്ടിലാണ് സംഭവം നടന്നത്. കുടുംബ വഴക്കിനിടെയാണ് സൗദി പൗരൻ ഭാര്യയെ മർദിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പട്രോൾ പോലീസുകാർ കസ്റ്റഡിയിലെടുത്ത സൗദി പൗരനെ തുടർ നടപടികൾക്കായി അൽശറായിഅ് പോലീസ് സ്റ്റേഷന് കൈമാറി. നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനു മുന്നോടിയായി പ്രതിയെ അൽശറായിഅ് പോലീസ് ചോദ്യം ചെയ്തുവരികയാണ്.






