ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ച പൊലീസുകാരനെ 'പിടികൂടിയ' യുവാവ് ജയിലിലായി

മുംബൈ- നിയമം ലംഘിച്ച് ബൈക്കോടിച്ച് നിയമപാലകനെ പിടികൂടി ഹീറോ ആയ യുവാവും സംഭവം കണ്ടു നിന്ന രണ്ടു പേരും ഒടുവില്‍ ജയിലിലായി. മുംബൈയിലെ ഖേര്‍വാഡിയില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വിഡിയോ വൈറലായി. ഹെല്‍മെറ്റില്ലാതെ  ബൈക്കോടിച്ചു പോകുകയായിരുന്ന പന്ദ്രിനാഥ് രാമു എന്ന കോണ്‍സ്റ്റബിളിനെ പവന്‍ സയ്യാന്ദി എന്ന യുവാവാണ് തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തത്. സമീപവാസികളായ വിശ്വാസ് സാതു ശിരോത്കര്‍, അശോക് ഗവാസ് എന്നിവരാണ് സംഭവം കണ്ടെന്ന കുറ്റത്തിന് അകത്തായത്. ജോലി തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തപ്പെട്ട മൂന്ന് പേരും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അകത്തായപ്പോള്‍ നഗ്നമായി നിയമ ലംഘനം നടത്തിയ കോണ്‍സ്റ്റബിള്‍ 500 രൂപ പിഴയടച്ച് രക്ഷപ്പെട്ടു.

അശോക് ഗവാസ് ആണ് വിഡിയോ പകര്‍ത്തിയത്. ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ വരികയായിരുന്ന കോണ്‍സ്റ്റബിള്‍ രാമുവിനെ പവന്‍ തടഞ്ഞു നിര്‍ത്തുന്നതാണ് വിഡിയോയുടെ തുടക്കം. രോഷാകുലനായ പവന്‍ ബൈക്കിന്റെ ചാവി വലിച്ചൂരി ഹെല്‍മെറ്റില്ലാതെ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നും കോണ്‍സ്റ്റബിളിനു താക്കീതു നല്‍കി. പൊലീസുകാരനാണെന്നു പറഞ്ഞ് പവനെ ശാന്തനാക്കാനും അടുത്തുള്ള പൊലീസ് പോസ്റ്റിലെത്തിക്കാനും രാമു ശ്രമിച്ചെങ്കിലും നടന്നില്ല. ഹെല്‍മെറ്റെവിടെ എന്ന ചോദ്യവുമായി പവന്‍ ആക്രോഷിച്ചു. ഈ കുറ്റത്തിന് തനിക്ക് ആയിരം രൂപ പിഴയടക്കേണ്ടി വന്നിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്. സംഭവം കണ്ട് അടുത്തെത്തിയവര്‍ പവനെ ശാന്തനാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്തിനാണ് തന്നോട് പകകാണിക്കുന്നതെന്ന കോണ്‍സ്റ്റബിളിന്റെ ചോദ്യത്തിന് ഇത് ഈ നാട്ടിലെ നിയമമാണ് എന്നായിരുന്നു പവന്റെ മറുപടി. ഒടുവില്‍ ഒരു പരിചയക്കാരന്‍ രാമു ഹെല്‍മെറ്റ് നല്‍കുകയും അതു ധരിച്ച് ബൈക്കില്‍ കയറുകയും ചെയ്തതോടെ മാത്രമാണ് പവന്‍ ബൈക്കിന്റെ ചാവി തിരികെ നല്‍കിയത്. പിന്നീട് പവന്‍ കോണ്‍സ്റ്റബിളിനെ തെറിവിളിക്കുകയും നിയമലംഘനത്തിനെതിരെ മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

തടി രക്ഷപ്പെട്ട കോണ്‍സ്റ്റബിള്‍ രാമു നേരെ സ്റ്റേഷനിലെത്തി പരാതി നല്‍കിയതോടെയാണ് പവന്‍ വെട്ടിലായത്. വിഡിയോ പിടിച്ച ഗവാസും കണ്ടു നിന്ന ശിരോധ്കറും കുടുങ്ങി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആക്രമിച്ചു എന്നീ കുറ്റങ്ങളാണ് മൂന്നു പേര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായി നിര്‍മല്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുഭാഷ് ജാദവ് പറഞ്ഞു.
 

Latest News