കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ പശുവിനെ അറുത്തവര്‍ക്കെതിരെ ഭീകര കുറ്റം ചുമത്തി കേസ്

ഭോപാല്‍- ബിജെപിയെ പരാജയപ്പെടുത്തി ഏതാനും മാസങ്ങള്‍ക്കു മുമ്പ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ മധ്യപ്രദേശില്‍ പശുവിനെ അറുത്തെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം എന്ന കടുത്ത ഭീകരവിരുദ്ധ നിയമ ചുമത്തി കേസെടുത്തു. രാജ്യ സുരക്ഷയ്ക്കു ഭീഷണിയായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ചുമത്തുന്ന നിയമമാണിത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഗോവധത്തിനെതിരെ ഭീകര കുറ്റം ചുമത്തുന്നത്. 15 വര്‍ഷമായി ബിജെപി ഗോവധക്കേസുകളില്‍ ഈ ഭീകരവിരുദ്ധ നിയമം പ്രയോഗിക്കുന്നതിനെതിരെ വ്യാപക എതിര്‍പ്പുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷവും ഇതു പ്രയോഗിക്കപ്പെടുന്നത് സംഘപരിവാര്‍ വിരുദ്ധരില്‍ ഞെട്ടലുണ്ടാക്കി.

മോഘട്ടിനടുത്ത ഖണ്ഡ്വയില്‍ വെള്ളിയാഴ്ച പശുവിനെ അറുത്തെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പിടികൂടിയത്. ഇവിടെ എത്തിയ പോലീസ് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ പ്രതികള്‍ മുങ്ങി. ഇവരില്‍ നദീം, ഷക്കീല്‍ എന്നീ രണ്ടു പേരെ വെള്ളിയാഴ്ച തന്നെ പിടികൂടി. മുന്നാം പ്രതി അസമിനെ തിങ്കളാഴ്ചയാണ് പിടികൂടിയതെന്ന് ഖണ്ഡ്വ പോലീസ് സുപ്രണ്ട് സിദ്ധാര്‍ത്ഥ് ബഹുഗുണ പറഞ്ഞു.

ഖണ്ഡ്വ വര്‍ഗീയ സംഘര്‍ഷ സാധ്യതയുള്ള സ്ഥലമാണ്. അതിനാലാണ് ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഗോവധ നിരോധന നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായ നദീം, ഷക്കീല്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഇവര്‍ ഗോമാംസ വില്‍പ്പനക്കാരാണ്. അസം കര്‍ഷകനാണ്. 2017-ലും നദീമിനെതിരെ ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വര്‍ഷം വരെ സര്‍ക്കാരിനെ പ്രതികളെ തടങ്കലിലിടാം. 
 

Latest News