പുതുചരിത്രമെഴുതി പോപ്പിന്റെ സന്ദര്‍ശനം; കൊട്ടാരത്തില്‍ വന്‍ വരവേല്‍പ്

അബുദാബി- ചരിത്രമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യു.എ.ഇ സന്ദര്‍ശനത്തെ ലോക രാജ്യങ്ങള്‍ പുകഴ്ത്തുന്നതിനിടെ, യു.എ.ഇയില്‍ ആരംഭിച്ച മതസൗഹാര്‍ദ സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്തു. അറേബ്യയില്‍ കാലുകുത്തുന്ന ആദ്യ പോപ്പെന്ന ബഹുമതിയോടെ ഞായറാഴ്ച രാത്രി പത്തിന് അബുദാബിയില്‍ വിമാനമിറങ്ങിയ പോപ്പിന് ലളിതമെങ്കിലും പ്രൗഢമായ സ്വീകരണമാണ് ലഭിച്ചത്. ചടങ്ങുകളും യാത്ര ചെയ്യുന്ന വാഹനംപോലും ലളിതമായിരിക്കണമെന്ന് പോപ്പ് നിഷ്കര്‍ഷിച്ചിരുന്നു.
ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്നലെ അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ നഹ്‌യാനും ചേര്‍ന്ന് സ്വീകരിച്ചു. പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പയെ കാറിനടുത്തേക്കു ചെന്ന് ആശ്ലേഷിച്ചായിരുന്നു വരവേല്‍പ്. തുടര്‍ന്ന് കൊട്ടാരത്തിനുള്ളിലേക്ക് മാര്‍പാപ്പയെ ആനയിച്ചു.

 

Latest News