Sorry, you need to enable JavaScript to visit this website.

ബിറ്റ് കോയിൻ വ്യവസായത്തിൽ കോടികളുടെ തട്ടിപ്പ്; കേരളത്തിൽ നൂറുകണക്കിന് നിക്ഷേപകർ വെട്ടിൽ

  • ഇരകൾ കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവർ 
  • മുഖ്യ പ്രതി പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി
  • ബിറ്റ്‌കോയിൻ മൂല്യം കുത്തനെ ഇടിഞ്ഞു

 

കാസർകോട്- ബിറ്റ് കോയിൻ വ്യവസായത്തിൽ കോടികളുടെ തട്ടിപ്പ്. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ നൂറുകണക്കിന് നിക്ഷേപകർ വെട്ടിലായി. ബിറ്റ്‌കോയിൻ മൂല്യം കുത്തനെ ഇടിഞ്ഞതാണ് കാരണം. മുഖ്യ പ്രതി പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശി ഒളിവിൽ പോയി. 
കഴിഞ്ഞ മാർച്ചിൽ 11,500 ഡോളറോളം മൂല്യമുണ്ടായിരുന്ന ഒരു ബിറ്റ്‌കോയിന് ഇപ്പോൾ 3431 ഡോളറായി കുറഞ്ഞതോടെയാണ് പ്രതിസന്ധിയിലായതെന്നാണ് പറയുന്നത്. അതിനിടെ ചെന്നൈയിലെ ഒരു രഹസ്യ കേന്ദ്രത്തിൽ സൂത്രധാരനെ ചിലർ തടങ്കലിൽ വെച്ച് ഇയാളുടെ കോടികൾ വിലമതിക്കുന്ന വീടും സ്ഥലവും എഴുതിവാങ്ങിയതായും പറയുന്നു.
തായ്ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രേഡിംഗ് കമ്പനിയെന്ന വ്യാജേന ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് ബിറ്റ്‌കോയിൻ തട്ടിപ്പ് നടത്തിവന്നിരുന്ന മലപ്പുറം ജില്ലക്കാരൻ മുങ്ങിയതോടെയാണ് വടക്കൻ ജില്ലകളിലെ പണം നിക്ഷേപിച്ചവർ വെട്ടിലായത്. കമ്പനിയുടെ പേരിൽ കോടികളുടെ ഇടപാടുകളാണ് നടന്നതെന്ന് വഞ്ചിതരായവർ പറഞ്ഞതായി പോലീസ് പറയുന്നു. ബിറ്റ്‌കോയിൻ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ മലപ്പുറം പെരിന്തൽമണ്ണ പുലാമന്തോൾ സ്വദേശിയാണ് മുങ്ങിയത്. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി നിക്ഷേപം സ്വീകരിക്കുകയും ട്രേഡിംഗ് നടത്തി ലാഭവിഹിതം നൽകാമെന്ന് മോഹിപ്പിക്കുകയും ചെയ്തതോടെയാണ് പലരും ചേർന്നത്. രണ്ടു വർഷം മുമ്പാണ് കമ്പനി ആരംഭിച്ചതെന്ന് ഇടപാടുകാർ പറയുന്നു. തുടക്കത്തിൽ ട്രേഡിംഗ് നടത്തി പലർക്കും മൂന്നിരട്ടി വരെ ലാഭവിഹിതം നൽകാൻ തുടങ്ങിയതോടെ നൂറുകണക്കിനാളുകളാണ് ഇതിലേക്ക് പണം നിക്ഷേപിച്ചത്. മുങ്ങിയ സൂത്രധാരന് വൻതോതിൽ ബിറ്റ്‌കോയിൻ നിക്ഷേപമുണ്ടെങ്കിലും കൃത്യമായ ലാഭവിഹിതം ബിറ്റ്‌കോയിന്റെ മൂല്യശോഷണം കാരണം നൽകാൻ കഴിയാതിരുന്നതോടെയാണ് യുവാവിന് നാട്ടിൽ നിന്നും മുങ്ങാൻ പ്രേരണയായതെന്നാണ് ഇടപാടുകാരിൽ നിന്നും ലഭിക്കുന്ന വിവരം. അതിനിടെ ഇയാളുടെ കാസർകോട് ബോവിക്കാനത്തെ ബന്ധുവായ യുവാവിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് ആരോപിച്ച് 50 ഓളം പേർ യുവാവിന്റെയും ഏതാനും സുഹൃത്തുക്കളുടെയും വീടുകളിൽ അന്വേഷിച്ചെത്തിയിരുന്നു. എന്നാൽ ബോവിക്കാനം യുവാവ് കുറേ നാൾ മലപ്പുറം സ്വദേശിയുടെ കമ്പനിയിൽ ജോലി ചെയ്തിരുന്നതല്ലാതെ യുവാവിന് തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. യുവാവ് തന്നെ ഇക്കാര്യം വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. മലപ്പുറക്കാരനെ മുന്നിൽ നിർത്തി വൻ തുക കൈക്കലാക്കിയ ചിലരാണ് കാസർകോട്ടെ ബന്ധുവിന് തട്ടിപ്പിൽ പങ്കുണ്ടെന്ന പ്രചാരണം അഴിച്ചുവിട്ടതെന്നും ഇവരാണ് പലരേയും കാസർകോട്ടേക്ക് അയച്ചതെന്നും യുവാവുമായി അടുപ്പമുള്ളവർ പറയുന്നു. യുവാവ് ചെർക്കളയിലെ ബാങ്കിൽ നിന്നും 20 ലക്ഷം രൂപ വായ്പയെടുത്തും കൈയിലുണ്ടിയിരുന്ന കുറച്ചു പണം മുടക്കിയും വീട് നിർമിച്ചത് തട്ടിപ്പിലൂടെ കിട്ടിയ പണം കൊണ്ടാണെന്ന പ്രചാരണവും ചിലർ ഉന്നയച്ചിരുന്നു. കാസർകോട്ടെ നിരവധി പ്രമുഖർ കമ്പനിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ട്. ബോവിക്കാനത്ത് എത്തിയ ചിലർ വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ ആദൂർ സി.ഐ ആവശ്യപ്പെട്ടിട്ടും പരാതി നൽകാതെ തിരിച്ചു പോയി. 
  


 

Latest News