മുല്ലപ്പള്ളി പാണക്കാട്ട്; മൂന്നാം സീറ്റില്‍നിന്ന് മുസ്‌ലിം ലീഗ് പിന്‍വലിയുമോ?

മൂന്നാം സീറ്റ് വാര്‍ത്ത അഭ്യൂഹമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം-ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാടെത്തി മുസ്്‌ലിം ലീഗ് നേതാക്കളെ കണ്ടു. ഇന്നലെ പാണക്കാട് വച്ച് മുസ്്‌ലിം ലീഗിന്റെ അടിയന്തിര നേതൃയോഗം നടക്കുന്നതിന് തൊട്ടമുമ്പായാണ് മുല്ലപ്പള്ളി പാണക്കാടെത്തിയത്.  മൂന്നാം സീറ്റിന് വേണ്ടി സമ്മര്‍ദം ചെലുത്തരുതെന്ന് ആവശ്യപ്പെടുകയായിരുന്നു സന്ദര്‍ശനോദ്ദേശ്യമെന്നാണ് കരുതുന്നത്.

തന്റെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമായിരുന്നെന്നും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും മുല്ലപ്പള്ളി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തികഞ്ഞ ആത്്മവിശ്വാസത്തിലാണെന്നും ഐക്യ ജനാധിപത്യകക്ഷികളുടെ ചരിത്രത്തിലെ നാഴികകല്ലായിരിക്കും ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  വടകര സീറ്റ് മുസ്്‌ലിം ലീഗ് ആവശ്യപ്പെടുന്നതായുള്ള വാര്‍ത്തകളെ കുറിച്ച് അതെല്ലാം അഭ്യൂഹങ്ങളാണെന്നും ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കാവുന്നതാണെന്ന കെ. മുരളീധരന്റെ അഭിപ്രായത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അക്കാര്യം മുരളീധരനോട് ചോദിക്കു എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ മറുപടി. എന്നാല്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവേണ്ട രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് മുരളീധരന്‍ പിന്നീട് മാറ്റിപ്പറഞ്ഞിരുന്നു.

മുസ്‌ലിം ലീഗ് മൂന്നാമൊതു സീറ്റ് ചോദിക്കുമെന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങളാണെന്നും അക്കാര്യത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. പാണക്കാട് ചേര്‍ന്ന മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Latest News