റിയാദ് - നടപ്പുവർഷം ആദ്യ മൂന്നൂ മാസത്തിൽ സ്വകാര്യ മേഖലാ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുക്കാൽ ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗോസിയിൽ രജിസ്‌ട്രേഷനുള്ള സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടായെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. ഈ വർഷം ആദ്യപാദത്തിലെ കണക്കുകൾ പ്രകാരം 4,58,218 സ്വകാര്യ സ്ഥാപനങ്ങൾ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം 4,56,873 സ്വകാര്യ സ്ഥാപനങ്ങളാണ് ഗോസിയിൽ രജിസ്റ്റർ ചെയ്തിരുന്നത്.
ഇക്കാലയളവിൽ 12,703 സൗദികൾക്കും 72,854 വിദേശികൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. പ്രതിദിനം 192 സൗദികൾക്ക് സ്വകാര്യ മേഖലയിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടതായാണ് കണക്ക്. മൂന്നു മാസക്കാലയളവിൽ ദിവസേന സൗദികളും വിദേശികളും അടക്കം ശരാശരി ആയിരത്തോളം പേർക്ക് സ്വകാര്യ മേഖലയിൽ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം 16,66,000 സൗദികളെയാണ് ഗോസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷാവസാനം 16,79,000 പേർക്ക് ഗോസി രജിസ്‌ട്രേഷനുണ്ടായിരുന്നു.
സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 11,64,000 പുരുഷന്മാരെ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം സ്വകാര്യ മേഖലാ ജീവനക്കാരായ 11,74,000 സൗദികൾക്ക് ഗോസി രജിസ്‌ട്രേഷനുണ്ടായിരുന്നു. ഗോസി വരിക്കാരായ സൗദി വനിതാ ജീവനക്കാരുടെ എണ്ണത്തിലും നേരിയ കുറവുണ്ടായി. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 5,02,283 സൗദി വനിതകളെയാണ് ഗോസിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷാവസാനം 5,05,000 സൗദി വനിതകൾക്ക് ഗോസി രജിസ്‌ട്രേഷനുണ്ടായിരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദികളും വിദേശികളും അടക്കം 10.306 ദശലക്ഷം പേരെ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം ഇത് 10.391 ദശലക്ഷം ആയിരുന്നു. ഈ വർഷം ആദ്യപാദത്തെ കണക്കുകൾ പ്രകാരം 84,40,000 വിദേശികളെ ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷാവസാനം 85,13,000 വിദേശികൾക്ക് ഗോസി രജിസ്‌ട്രേഷനുണ്ടായിരുന്നു.