Sorry, you need to enable JavaScript to visit this website.

അൽഉലയിൽ എയർ ബലൂൺ ഫെസ്റ്റിവൽ

മദീന - ത്വൻതൂറ വിന്റർ ഫെസ്റ്റിവലിന്റെ ഭാഗമായി അൽഉലയിൽ എയർ ബലൂൺ ഫെസ്റ്റിവൽ. സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര, പൈതൃക, വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ അൽഉലയിൽ ആദ്യമായാണ് എയർ ബലൂൺ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. അൽഉലയിലെ പൈതൃകങ്ങളും അത്ഭുതങ്ങളും ആകാശത്തു നിന്ന് വീക്ഷിക്കുന്നതിന് സന്ദർശകർക്ക് എയർ ബലൂൺ ഫെസ്റ്റിവൽ അവസരമൊരുക്കി. എഴുപതു ബലൂണുകളാണ് ഫെസ്റ്റിവലിൽ ഉപയോഗിച്ചത്. അൽഉലയിലെ ചരിത്ര കേന്ദ്രങ്ങളും ഓൾഡ് അൽഉലയും സമീപപ്രദേശങ്ങളും എയർ ബലൂണിൽ സഞ്ചരിച്ച് സന്ദർശകർ വീക്ഷിച്ചു. ഇത് സന്ദർശകർക്ക് അവിസ്മരണീയമായ നവ്യാനുഭവം സമ്മാനിച്ചു. പലവർണങ്ങളിലുള്ള എയർ ബലൂണുകൾ അൽഉലയിലെ മാനത്ത് ഉയർന്നുപൊങ്ങിയത് മനോഹരമായ കലാസൃഷ്ടിക്ക് സമാനമായ ദൃശ്യം ആവിഷ്‌കരിച്ചു.
പൈതൃകവും സംസ്‌കാരവും സന്ധിക്കുന്ന ത്വൻതൂറ വിന്റർ വെസ്റ്റിവൽ സൗദിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫെസ്റ്റിവലാണ്. മദീന പ്രവിശ്യയിലെ അൽഉലയിൽ നടന്നുവരു ത്വൻതൂറ ഫെസ്റ്റിവലിന് ഡിസംബർ 20 നാണ് തുടക്കമായത്. 
ഫെസ്റ്റിവൽ ഫെബ്രുവരി ഏഴു വരെ നീണ്ടുനിൽക്കും. ലോക പ്രശസ്ത സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സംഗീത പരിപാടികളാണ് ത്വൻതൂറ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. കലകളുടെയും സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും തുറന്ന മ്യൂസിയമായ അൽഉല യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. അറേബ്യൻ ഉപദ്വീപിന്റെ ഉത്തര ഭാഗത്ത് പുരാവസ്തുക്കളുടെ കേളീകേന്ദ്രവും നിരവധി നാഗരിക സംസ്‌കാരങ്ങളുടെ സംഗമഭൂമിയുമാണ് അൽഉല. മദീനക്ക് വടക്ക് 300 കിലോമീറ്റർ ദൂരെയാണ് അൽഉല. ഇന്ന് സൗദിയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് അൽഉല. ആയിരക്കണക്കിന് വർഷം പഴക്കമുള്ള പുരാവസ്തുക്കളും മനോഹരമായ പ്രകൃതിദത്ത അടയാളങ്ങളും ഇവിടെക്ക് സന്ദർശകരെ ആകർഷിക്കുന്നു. ലോകത്തെ സംരക്ഷിക്കപ്പെടുന്ന ഏറ്റവും മികച്ച പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് അൽഉല. 
യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ അൽഉലയിൽ സംഘടിപ്പിക്കുന്ന വിന്റർ ഫെസ്റ്റിവലിലൂടെ അൽഉലയിലെ അത്ഭുതങ്ങൾ ലോകത്തെ പരിചയപ്പെടുത്തുന്നതിനാണ് ശ്രമം. നിലവിൽ പുനരുദ്ധാരണ ജോലികൾക്ക് അടച്ചിട്ട അൽഉലയിലെ മദായിൻ സ്വാലിഹ് അടക്കമുള്ള പുരാവസ്തു, പൈതൃക കേന്ദ്രങ്ങൾ പ്രത്യേകം ടിക്കറ്റെടുക്കുന്ന, തെരഞ്ഞെടുത്ത ഗ്രൂപ്പുകൾക്കു മുന്നിൽ മാത്രമാണ് തുറന്നുകൊടുക്കുന്നത്. 
2008 ലാണ് മദായിൻ സ്വാലിഹ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. പ്രശസ്ത അറബ് ഗായകരായ മുഹമ്മദ് അബ്ദുവിന്റെയും മാജിദ അൽറൂമിയുടെയും സംഗീത പരിപാടികൾ ത്വൻതൂറ ഫെസ്റ്റിവലിൽ നടന്നു. ഡിസംബർ 21 ന് ആയിരുന്നു മുഹമ്മദ് അബ്ദുവിന്റെ സംഗീത വിരുന്ന്. ഡിസംബർ 28 ന് മാജിദ അൽറൂമിയുടെ ഗാനമേള നടന്നു. ഫ്രഞ്ച് ക്ലാസിക്കൽ വയലിനിസ്റ്റ് റിനോഡ് കാപുസൊൻ ജനുവരി നാലിന് വയലിനിൽ മാന്ത്രിക സംഗീതം തീർത്തു. ജനുവരി 11 ന് ലോക പ്രശസ്ത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഈജിപ്തുകാരൻ ഉമർ ഖൈറത് പരിപാടി അവതരിപ്പിച്ചു. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ, വിഖ്യാത ചൈനീസ് പിയാനിസ്റ്റ് ലാംഗ് ലാംഗ് ജനുവരി 18 ന് സംഗീത വിരുന്ന് അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റിന്റെ സംഗീത താരകം ഉമ്മുകുൽസൂമിന്റെ ഗാനങ്ങൾ ഹോളോഗ്രാം സാങ്കേതികവിദ്യയിൽ ജനുവരി 25 ന് അരങ്ങേറി. ഇറ്റാലിയൻ ഗായകൻ ആൻഡ്രിയ ബോസെലിയുടെയും ഗ്രീക്ക് സംഗീത പ്രതിഭ യാനിയുടെയും പരിപാടികളും വിന്റർ ഫെസ്റ്റിവലിനിടെ ആസൂത്രണം ചെയ്തിട്ടുണ്ട്.
 

Latest News