'കറുത്ത കാല'ത്തെ കടപുഴക്കിയ രക്തക്കാറ്റ്

 ജോർജ് ഫെർണാണ്ടസ്  
ജോർജ് ഫെർണാണ്ടസ് പത്‌നി ലൈലാ കബീറിനോടൊപ്പം (ഫയൽ)

അടിയന്തരാവസ്ഥയായിരുന്നു (1975) സമരോൽസുകനായ ഈ പോരാളിയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറണ്ടുണ്ടായിരുന്ന അദ്ദേഹം ഒളിവിലിരുന്നാണ് ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാട്ടം നയിച്ചത്. മിസ്സിസ് ഇന്ദിരാ നെഹ്‌റു, ദ ഡിക്‌റ്റേറ്റർ എന്ന അഭിസംബോധനയോടെ ഫെർണാണ്ടസ് ഒളിവിലിരുന്നെഴുതിയ ലഘുലേഖകൾ രാജ്യത്തുടനീളം പ്രചരിപ്പിക്കപ്പെട്ടു. അടിയന്തരാവസ്ഥ പിൻവലിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ളവർ, കാലത്തിന്റെ കാവ്യനീതി കണക്കെ അടി തെറ്റി വീണപ്പോൾ ബിഹാറിലെ മുസഫർപൂരിൽനിന്ന് വൻഭൂരിപക്ഷത്തോടെയാണ് ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടത്. 

ഇന്ത്യൻ അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനരാത്രങ്ങളെ വിറപ്പിച്ച ഇടിമുഴക്കം. ജയപ്രകാശ് നാരായണനോടൊപ്പം ഇന്ദിരയുടെ ഏകാധിപത്യത്തെ ചെറുത്ത് നിന്നതിന് ചങ്ങലക്കെട്ടുകളിൽ ബന്ധിതനാകേണ്ടി വന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ ഏറ്റവും മികച്ച പ്രചാരകനും ഉജ്വല പ്രഭാഷകനും ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴിയിൽനിന്ന് ഇനി ലോധി ഗാർഡൻസിലെ ശ്മശാനത്തിലേക്ക്. 
അച്യുത് പട്‌വർധൻ മുതൽ അരങ്ങിൽ ശ്രീധരൻ വരെയുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് നേതാക്കളുടെയും സോഷ്യലിസ്റ്റ് പാർട്ടികളുടേയും വിരുദ്ധോക്തി നിറഞ്ഞ ചരിത്രം അസംബന്ധനാടകമായി അവശേഷിക്കുമ്പോഴും സത്യസന്ധതയുടേയും ആർജവത്തിന്റേയും കാര്യത്തിൽ വിരലിലെണ്ണാവുന്ന നേതാക്കൾ ഇന്നും പുതുതലമുറ രാഷ്ട്രീയക്കാർക്ക് വഴിവെളിച്ചമാകുന്നുവെന്നത് വിവിധ ഗ്രൂപ്പുകളായി വഴിപിരിഞ്ഞ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മാത്രം നേട്ടമാണ്. ആ തലമുറയിലെ ഒടുവിലത്തെ കണ്ണിയാണ് ജോർജ് ഫെർണാണ്ടസ്.
പാതിരിയാകാൻ പോയി വിപ്ലവകാരിയായി മടങ്ങിയ ചരിത്രമാണ് ഈ മംഗലാപുരത്തുകാരന്റേത്. കൊങ്കൺ മലനിരകളും കടന്ന് രാജ്യത്തിന്റെ കവാടനഗരമായ ബോംബെയിലെത്തി പാസ്റ്റർ പഠനത്തിലേർപ്പെട്ടത് കൊണ്ടുണ്ടായ മെച്ചം ലാറ്റിൻ ഭാഷ പഠിക്കാനായി എന്നാണ് ഫെർണാണ്ടസ് പിന്നീട് എഴുതുകയുണ്ടായി. ട്രേഡ് യൂണിയൻ പ്രസ്ഥാനം അന്നത്തെ ബോംബെയിൽ നിന്ന് ഇന്ത്യയിലേക്കാകെ പടർന്നത് ഈ കാലത്താണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ എ.ഐ.ടി.യു.സി രൂപം കൊള്ളുമ്പോൾ എസ്.എ ഡാംഗെ, എസ്.എസ്. മിറാജ്കർ എന്നിവരോടൊപ്പം പഴയകാല സോഷ്യലിസ്റ്റ് നേതാവ് മധുലിമായെയും രംഗത്തുണ്ടായിരുന്നു. മധുലിമായെയായിരുന്നു ഫെർണാണ്ടസിന്റെ ഗുരു. 
എ.ഐ.ടി.യു.സി വിട്ട് കോൺഗ്രസുകാർ ഐ.എൻ.ടി.യു.സിക്ക് രൂപം നൽകിയപ്പോൾ സോഷ്യലിസ്റ്റുകൾ എച്ച്.എം.എസ് (ഹിന്ദ് മസ്ദൂർ സഭ) രൂപീകരിച്ചു. അതായിരുന്നു ഫെർണാണ്ടസിന്റെ പ്രഥമ തട്ടകം. ഹിന്ദി ഭാഷയിൽ നന്നായി പ്രസംഗിക്കാൻ പഠിച്ച അദ്ദേഹം അസംഘടിതരായ റെയിൽവെ തൊഴിലാളികളെ അണിനിരത്തി അവകാശപോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അമ്പതുകളുടേയും അറുപതുകളുടേയും ബോംബെ, പ്രക്ഷോഭത്തിന്റെ രാപ്പകലുകൾ കണ്ടു തുടങ്ങിയതും ദക്ഷിണേന്ത്യക്കാരനായ ഈ സോഷ്യലിസ്റ്റ് നേതാവിലൂടെയായിരുന്നു. 
കോൺഗ്രസ് നേതാവ് എസ്.കെ പാട്ടീൽ അന്ന് മഹാരാഷ്ട്രയിലെ പുലിയാണ്. ഷുവർ കില്ലർ (എസ്.കെ) പാട്ടീൽ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1967 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാട്ടീലിനെ ഫെർണാണ്ടസ് മുട്ടുകുത്തിച്ചു. ഇതോടെ നായകപരിവേഷത്തിലേക്കുയർന്ന അദ്ദേഹം പാർലമെന്ററി ജീവിതത്തിൽ പുതുചരിത്രമെഴുതി. അപ്പോഴും പക്ഷേ ട്രേഡ് യൂണിയൻ രംഗമായിരുന്നു ഇഷ്ടപ്പെട്ട കർമമേഖല. 


കർണാടകയിലാകുമ്പോൾ കന്നഡയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദിയിലും പ്രൗഢോജ്വലമായി പ്രസംഗിച്ച ഈ നേതാവിനെ വിദേശരാഷ്ട്രങ്ങളിലെ മാധ്യമപ്രതിനിധികൾ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ലാളിത്യം ജീവിതമുദ്രയാക്കിയ ഫെർണാണ്ടസിൽനിന്ന് ഇന്നത്തെ നേതാക്കൾക്ക് ഏറെ പഠിക്കാനുണ്ട്. 
ബറോഡ ഡൈനാമിറ്റ് കേസിന്റെ പേരിൽ (ഇത് കള്ളക്കേസായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു) അദ്ദേഹത്തെ കോൺഗ്രസ് ഗവൺമെന്റ് തടവിലിട്ടു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ഒരു വർഷം മുമ്പായിരുന്നു ഇത്. കൈകൾ ചങ്ങലയിൽ ബന്ധിച്ചാണ് ഫെർണാണ്ടസിനെ തടവറയിലേക്ക് കൊണ്ടുപോയത്. അടിയന്തരാവസ്ഥയായിരുന്നു (1975) സമരോൽസുകനായ ഈ പോരാളിയുടെ രാഷ്ട്രീയ ജീവിതത്തിൽ വഴിത്തിരിവായത്. അറസ്റ്റ് വാറണ്ടുണ്ടായിരുന്ന അദ്ദഹം ഒളിവിലിരുന്നാണ് ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ പോരാട്ടം നയിച്ചത്. മിസ്സിസ് ഇന്ദിരാ നെഹ്‌റു, ദ ഡിക്‌റ്റേറ്റർ എന്ന അഭിസംബോധനയോടെ ഫെർണാണ്ടസ് ഒളിവിലിരുന്നെഴുതിയ ലഘുലേഖകൾ രാജ്യത്തുടനീളം പ്രചരിപ്പിക്കപ്പെട്ടു. 
അടിയന്തരാവസ്ഥ പിൻവലിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ളവർ, കാലത്തിന്റെ കാവ്യനീതി കണക്കെ അടി തെറ്റി വീണപ്പോൾ ബിഹാറിലെ മുസഫർപൂരിൽ നിന്ന് വൻഭൂരിപക്ഷത്തോടെയാണ് ഫെർണാണ്ടസ് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് മൊറാർജിയുടെ ജനതാ ഗവൺമെന്റിൽ വ്യവസായ മന്ത്രിയായി. ഐ.ബി.എം, കൊക്കകോള തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികൾക്കെതിരായ നിലപാട് സ്വീകരിച്ച് ഫെർണാണ്ടസ് പലരേയും ഞെട്ടിച്ചു.
വി.പി. സിംഗ് മന്ത്രിസഭയിൽ റെയിൽവെ മന്ത്രിയായ അദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയായിരുന്നു കൊങ്കൺ റെയിൽവെ. എൻ.ഡി.എ മുന്നണിയിലേക്ക് മാറി വലതുപക്ഷ നിലപാടിനൊപ്പം നിൽക്കുന്ന മഹാദുരന്തവുമുണ്ടായി. കൂടുതൽ വിപ്ലവം പറയുന്നവൻ ഒടുവിൽ പ്രതിവിപ്ലവകാരിയായി മാറുമെന്ന പ്രസ്താവത്തിന് അടിവരയിടുകയായിരുന്നു ഈ തൊഴിലാളി നേതാവ്. എൻ.ഡി.എയുടെ പിന്തുണയോടെ പ്രതിരോധ മന്ത്രിയായ കാലത്താണ് പൊഖ്‌റാനിലെ ആണവ പരീക്ഷണം, കാർഗിൽ യുദ്ധം തുടങ്ങിയവ സംഭവിക്കുന്നത്. ഫെർണാണ്ടസിന്റെ നേതൃവൈഭവം പരീക്ഷിക്കപ്പെട്ട കാലമായിരുന്നു ഇത്. സിയാച്ചിൻ മലനിരകൾ താണ്ടി ഇന്ത്യൻ പട്ടാളക്കാരുടെ ക്ഷേമമന്വേഷിക്കാൻ പോയ ഇദ്ദേഹത്തിനെതിരെ ശവപ്പെട്ടി കുംഭകോണവുമുണ്ടായി. പ്രതിഛായാ നഷ്ടത്തിന്റെ ദിനസരികളായിരുന്നു പിന്നീടുണ്ടായത്. 
സോഷ്യലിസ്റ്റ് പാർട്ടിയുടെ ആദ്യരൂപമായ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ (എസ്.എസ്.പി) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ ഒരു വിമാനയാത്രക്കിടെയാണ് മുൻ കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രൊഫ. ഹുമയൂൺ കബീറിന്റെ മകൾ ലൈലയുമായി ഫെർണാണ്ടസ് പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അധികം വൈകാതെ വിവാഹിതരായ ഇരുവരുടേയും മധുവിധു കേരളത്തിലായിരുന്നു. അന്ന് എസ്.എസ്.പിയുടെ കേരള നേതാവായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ വയനാട് പുളിയാർമലയിലെ എസ്റ്റേറ്റ് ബംഗ്ലാവിലായിരുന്നു ലൈല-ഫെർണാണ്ടസ് ദമ്പതികൾ മധുവിധു ആഘോഷിച്ചത്. അക്കാലത്ത് സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഐ.എസ്.ഒയുടെ സംസ്ഥാന പ്രസിഡന്റും കാലാന്തരത്തിൽ കേരള കോൺഗ്രസുകാരനുമായിത്തീർന്ന മഞ്ചേരിയിലെ അഡ്വ. തോമസ് ബാബുവിന്റെ കുടുംബത്തിന്റെ അതിഥിയായി ഫെർണാണ്ടസും ലൈലയും മഞ്ചേരിയിലും കുറച്ച് കാലം തങ്ങിയിരുന്നു. ഏകമകൻ സീൻ ഫെർണാണ്ടസ് അമേരിക്കയിലാണ്. എൺപതുകളുടെ മധ്യത്തോടെ ലൈലയും ഫെർണാണ്ടസും വഴി പിരിഞ്ഞു. ഈ ദാമ്പത്യത്തകർച്ചയ്ക്ക് പിന്നിലൊരു മലയാളി ഇടപെടലുമുണ്ട്. പാലക്കാട് കൊല്ലങ്കോട് ചേറ്റൂർ തറവാട്ടിലെ അംഗമായ, ജപ്പാനിലെ ഇന്ത്യൻ അംബാസഡറായിരുന്ന കെ.കെ. ചേറ്റൂരിന്റെ മകളും പിൽക്കാലത്ത് സമതാ പാർട്ടി അധ്യക്ഷയുമായ ജയാ ജെയ്റ്റ്‌ലിയുമായുള്ള ബന്ധമാണ് ലൈല പിണങ്ങിപ്പോകാൻ കാരണമെന്ന് ദൽഹിയിലെ രാഷ്ട്രീയ അകത്തളങ്ങളിൽ വാർത്തയായി. അന്ത്യനിമിഷങ്ങളിലും ജയാ ജെയ്റ്റ്‌ലിയായിരുന്നു ഫെർണാണ്ടസിനൊപ്പമുണ്ടായിരുന്നത്. ജയയായിരുന്നു ഏറെക്കാലമായി ഫെർണാണ്ടസിന്റെ ജീവിത പങ്കാളി. 
സോഷ്യലിസ്റ്റ് പാർട്ടിയിൽ നിന്നാരംഭിച്ച് ജനതാ പാർട്ടി, ജനതാ ദൾ, ജനതാ ദൾ യുണൈറ്റഡ് വഴി സമതാപാർട്ടിയിലെത്തിയ ജോർജ് ഫെർണാണ്ടസ്, അൾഷിമേഴ്‌സിന്റെ സ്മൃതി ഭ്രമങ്ങളിലേക്ക് തെന്നിവീഴും വരെ സമതാ പാർട്ടിയുടെ കരുത്തനായ നേതാവായിരുന്നു. 
നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള ഫെർണാണ്ടസിന് മലയാളമുൾപ്പെടെ പത്ത് ഭാഷകൾ കൈകാര്യം ചെയ്യാനറിയാമായിരുന്നു. ഒരിക്കൽ അദ്ദേഹമെഴുതി: ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഒരു വിയറ്റ്‌നാമുകാരനായി ജനിക്കണം. അച്ചടക്കം, പ്രതിബദ്ധത, ദൃഢനിശ്ചയം- ഇതാണ് വിയറ്റ്‌നാമുകാരുടെ മേന്മ. ഇന്ത്യക്കാർക്കില്ലാതെ പോയ ഗുണം. ലക്ഷ്യപ്രാപ്തിയ്ക്കായി മരിക്കാൻ പോലും സന്നദ്ധരാണ് വിയറ്റ്‌നാമുകാർ. അമേരിക്ക, ചൈന, ഫ്രാൻസ് എന്നീ രാജ്യങ്ങളുമായുള്ള യുദ്ധത്തിലും സംഘർഷത്തിലും മുപ്പത് ലക്ഷം പേരെയാണ് വിയറ്റ്‌നാമിന് നഷ്ടമായത്. എന്നിട്ടും ആ രാജ്യം ധീരതയോടെ സാമ്രാജ്യത്വത്തിനെതിരെ ചെറുത്ത്‌നിന്നു. വിയറ്റ്‌നാമായിരിക്കണം, ഇന്ത്യയ്ക്ക് മാതൃക. വിയറ്റ്‌നാം സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രതിരോധ മന്ത്രിയും ഫെർണാണ്ടസാണ്.

Latest News