Sorry, you need to enable JavaScript to visit this website.

കുവൈത്തിലേക്ക് കണ്ണൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

കുവൈത്ത് സിറ്റി- കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു ബഹ്‌റൈന്‍ വഴി കുവൈത്തിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരുങ്ങുന്നു. ബുധന്‍, ശനി ദിവസങ്ങളിലായിരിക്കും സര്‍വീസ്. ഏപ്രില്‍ 1നു നിലവില്‍ വരുന്ന സമ്മര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയാണ് സമയക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. കുവൈത്ത്, ബഹ്‌റൈന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള അന്തിമ അനുമതിക്കു ശേഷമായിരിക്കും ബുക്കിംഗ് തുടങ്ങുകയെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിനിധി അറിയിച്ചു.

ബുധനാഴ്ച രാവിലെ 6.45 ന് കണ്ണൂരില്‍നിന്നു പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 8.45 ന് ബഹ്‌റൈനില്‍ എത്തും. ബഹ്‌റൈനില്‍നിന്നു 9.45 ന് പുറപ്പെട്ട് 10.45ന് കുവൈത്തില്‍ എത്തും. തിരിച്ച് കുവൈത്തില്‍നിന്നു പ്രാദേശിക സമയം 11.45 ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45 ന് കണ്ണൂരില്‍ എത്തുന്ന രീതിയില്‍ ആണ് ക്രമീകരണം. 

ശനിയാഴ്ച രാവിലെ 7.10ന് ടേക്ക് ഓഫ് ചെയ്യുന്ന വിമാനം പ്രാദേശിക സമയം 9.10 ന് ബഹ്‌റൈനില്‍ എത്തും. 10.10 ന് അവിടെ നിന്നു പുറപ്പെടുന്ന വിമാനം 11.10 ന് കുവൈത്തില്‍ ഇറങ്ങും. തിരിച്ച് 12.10 ന് കുവൈത്തില്‍നിന്നു പുറപ്പെടുന്ന വിമാനം രാത്രി 7.10 ന് കണ്ണൂരില്‍ എത്തും. മറ്റ് എയര്‍ലൈന്‍സും കുവൈത്തിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സാധ്യതയുണ്ട്.
 

Latest News