Sorry, you need to enable JavaScript to visit this website.

ലെവി അടയ്ക്കാൻ സമയം നാളെക്കൂടി, സാവകാശം തേടി വ്യാപാരികൾ

  • സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് ഉടമകൾ

റിയാദ് - ലെവി ഇൻവോയ്‌സുകൾ അടയ്ക്കുന്നതിന് കൂടുതൽ സാവകാശം അനുവദിക്കണമെന്ന് വ്യാപാരികൾ. 
ലെവി ഇൻവോയ്‌സുകൾ അടയ്ക്കുന്നതിന് നേരത്തെ അനുവദിച്ച സാവകാശം നാളെ അവസാനിക്കും. മാന്ദ്യം മൂലം കടുത്ത തിരിച്ചടിയാണ് വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നത്. ഇതിനിടെ ഭീമമായ തുകയുടെ ലെവി ഇൻവോയ്‌സ് കൂടി അടയ്‌ക്കേണ്ടിവരുന്നത് നടുവൊടിക്കും. സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലേക്ക് ഇത് നയിക്കും. സാമ്പത്തിക പരിഷ്‌കരണങ്ങളും ലെവിയും മൂലം നിരവധി സ്ഥാപനങ്ങൾ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ഭീമമായ തുകയുടെ ലെവി ഇൻവോയ്‌സുകൾ ആണ് പല സ്ഥാപനങ്ങൾക്കും ലഭിച്ചിരിക്കുന്നത്. 
വിപണിയിൽ നിലനിൽക്കുന്ന മാന്ദ്യം കണക്കിലെടുത്ത് ഭൂരിഭാഗം സ്ഥാപനങ്ങളുടെയും സ്ഥിതിഗതികൾക്ക് അനുയോജ്യമായ തീരുമാനം ലെവി ഇൻവോയ്‌സ് വിഷയത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കൈക്കൊള്ളണമെന്ന് സൗദി കോൺട്രാക്ടർ ഖാലിദ് അൽഗാംദി ആവശ്യപ്പെട്ടു.
ലെവി ഇൻവോയ്‌സ് സ്വകാര്യ സ്ഥാപന ഉടമകൾക്ക് പേടിസ്വപ്‌നമായി മാറിയിട്ടുണ്ടെന്ന് വ്യാപാര സ്ഥാപന ഉടമ സ്വാലിഹ് അൽസഹ്‌റാനി പറഞ്ഞു. ലെവി ഇൻവോയ്‌സ് റദ്ദാക്കുന്ന തീരുമാനം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും സ്ഥാപന ഉടമകൾ. നിരവധി തൊഴിലാളികൾ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടിട്ടുണ്ട്. മറ്റു നിരവധി പേർ റീ-എൻട്രി വിസകളിൽ സ്വദേശങ്ങളിലേക്ക് പോയ ശേഷം തിരിച്ചെത്തിയിട്ടില്ല. നഷ്ടം മൂലം നിരവധി സ്ഥാപനങ്ങൾ ഇതിനകം അടച്ചുപൂട്ടിയിട്ടുണ്ട്. മറ്റു നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും സ്വാലിഹ് അൽസഹ്‌റാനി പറഞ്ഞു. 
2018 ജനുവരി 15 മുതൽ ലെവി ഇൻവോയ്‌സ് ഇഷ്യൂ ചെയ്യുന്നതിനാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് ജനുവരി 29 ലേക്ക് നീട്ടിവെച്ചു. 
ജനുവരി 29 മുതൽ ഇഷ്യൂ ചെയ്ത് തുടങ്ങിയ ലെവി ഇൻവോയ്‌സുകൾ അടയ്ക്കുന്നതിന് മൂന്നു മാസത്തെ സമയമാണ് ആദ്യം അനുവദിച്ചിരുന്നത്. ഇത് പിന്നീട് മൂന്നു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇത് വീണ്ടും ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഇത് നാളെ അവസാനിക്കും. കൂടാതെ തുല്യ തുകയുടെ മൂന്നു ഗഡുക്കളായി ലെവി ഇൻവോയ്‌സ് അടയ്ക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.  
സൗദിയിൽ 2018 ജനുവരി ഒന്നു മുതലാണ് പുതിയ ലെവി നിലവിൽവന്നത്. ഈ വർഷം സൗദികളേക്കാൾ കൂടുതലുള്ള വിദേശികൾക്കുള്ള പ്രതിമാസ ലെവി 600 റിയാലും സ്വദേശി ജീവനക്കാരേക്കാൾ കുറവുള്ള വിദേശികൾക്കുള്ള ലെവി 500 റിയാലുമാണ്. അടുത്ത വർഷം ഇത് യഥാക്രമം 800 റിയാലും 700 റിയാലും ആയി ഉയരും. 

 

Latest News