Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഡോക്ടർമാരുടെ പ്രതിബദ്ധത

ഈയടുത്ത് കോഴിക്കോട്ട് മെഡിക്കൽ കോളേജിലെ കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കവേ കേൾക്കാനിടയായ ഒരു പ്രഭാഷണമാണ് ഈ എഴുത്തിനാധാരം.  പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക ചെയർമാനായ ഡോ. എം.ആർ. രാജഗോപാലായിരുന്നു പ്രസംഗകൻ. ഡോക്ടറുടെ വാക്കുകൾ സദസ്സിനെ അഭിമുഖീകരിച്ചായിരുന്നില്ല. പകരം പ്രതിജ്ഞയെടുക്കുന്ന പുതു ഡോക്ടർമാരോടായിരുന്നു.  ഒരു ഡോക്ടർക്ക് സമൂഹത്തിലെ ഓരോ വ്യക്തിയോടുമുള്ള സാമൂഹിക പ്രതിബദ്ധത വളരെ സരസമായാണ് അദ്ദേഹം വിവരിച്ചത്. സദസ്സിനു പുറംതിരിഞ്ഞു മുന്നിൽ പല നിരകളിലായി അഭിമാനത്തോടെ സ്‌റ്റേജിൽ നിറഞ്ഞിരിക്കുന്ന  പുതു ഡോക്ടർമാരോട് അദ്ദേഹം കുറെ കാര്യങ്ങൾ  പറഞ്ഞു. ആതുര സേവന രംഗത്തെ പരിചയ സമ്പന്നനായ ഒരു ഡോക്ടറിൽ നിന്നും നവ ഡോക്ടർമാർക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ചില ഉപദേശങ്ങൾ.
ഓരോ രോഗിയുടെയും അവകാശമാണ് ശരിയായ ചികിത്സ ലഭിക്കുക എന്നുള്ളത്. രോഗിക്ക് രോഗമറിഞ്ഞു ചികിത്സ നടത്തുക എന്നത് ഒരു ഡോക്ടറുടെ കടമയും. ഏതെങ്കിലും ഒരു രോഗവുമായി എന്നെങ്കിലും ഒരു ഡോക്ടറെ സന്ദർശിക്കാത്ത ആരും തന്നെ നമ്മളിൽ കാണുവാൻ വഴിയില്ല. പ്രശസ്തനായ ഒരു ഡോക്ടർ ആണെങ്കിൽ മണിക്കൂറുകളോ ദിവസങ്ങളോ  വേണ്ടിവരും ഒരു അപ്പോയ്ന്റ്‌മെൻറ് ലഭിക്കാൻ.  പലതരം സ്വഭാവ വിശേഷങ്ങളുള്ള ഭിഷഗ്വരന്മാരെ പറ്റി നമ്മൾ പൊതുവെ കേൾക്കാറുണ്ട്. വിശദ വിവരങ്ങൾ ക്ഷമയോടെ അന്വേഷിച്ചറിയുന്ന ഡോക്ടർമാർ,  രോഗി സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ മരുന്ന് കുറിക്കുന്നവർ,  നീണ്ട ടെസ്റ്റുകൾക്ക് വേണ്ടി കുറിപ്പെഴുതുന്നവർ, ഏതോ ധിറുതിയിലെന്ന പോലെ രോഗിയെ ഒഴിവാക്കി വിടുന്നവർ  തുടങ്ങി  പൊതുജനങ്ങൾ തരംതിരിക്കുന്ന പലതരം ഡോക്ടർമാർ. തനിക്കുള്ള യഥാർത്ഥ രോഗം എന്താണെന്നറിയാൻ വരുന്ന ഒരു രോഗി ടെസ്റ്റുകളുടെയും മരുന്നുകളുടെയും ലിസ്റ്റു കണ്ടു അമ്പരന്നു പോകാറുണ്ട്. കൂടാതെ ടെസ്റ്റുകൾ ചെയ്യാൻ പോകുമ്പോഴുള്ള ശാരീരികവും മാനസികവുമായുള്ള ബുദ്ധിമുട്ടുകളും പണച്ചെലവും സഹിക്കേണ്ടതായും വരുന്നു. 


മൻഷാദ് അങ്കലത്തിൽ

പുതുതലമുറയ്ക്ക് നൽകിയ ഉപദേശങ്ങളിൽ ആദ്യമായി അദ്ദേഹം സൂചിപ്പിച്ചത്, 'നിങ്ങളുടെ മുന്നിലിരിക്കുന്ന രോഗിക്ക് അയാൾ അർഹിക്കുന്ന ബഹുമാനം കൊടുക്കുക' എന്നുള്ളതാണ്. മാന്യമായ പെരുമാറ്റം രോഗിക്ക് ഡോക്ടറോടുള്ള വിശ്വാസം വർധിക്കുവാൻ കാരണമാകും. പ്രായമായ, പ്രത്യേകിച്ചും അറുപതുകൾ പിന്നിട്ടവരുടെ ചികിത്സകളിൽ ഇനിയിപ്പോൾ ഈ മരുന്നുകളൊക്കെ തുടർന്നാൽ മതി എന്ന് ലാഘവത്തോടെ  പറയുന്നവരാണ് ഭൂരിഭാഗവും. ഇത്രത്തോളം ജീവിതം കണ്ടുകഴിഞ്ഞ അവരുടെ മാനസികാവസ്ഥ ചോരത്തിളപ്പുള്ള ഒരാൾക്ക് മനസ്സിലാക്കാൻ കഴിയണമെങ്കിൽ അവരും ഈ പ്രായത്തിൽ എത്തിപ്പെടണം. ഒരു ദിവസം നൂറോ ഇരുന്നൂറോ രോഗികളെ നോക്കുന്ന ഒരു ഡോക്ടർക്ക്  ജോലിക്ഷീണം തോന്നുക സ്വാഭാവികം. പക്ഷേ ആ ഡോക്ടർക്ക് മുന്നിലെത്തുന്ന ഓരോ രോഗിയും ഓരോ വ്യത്യസ്ത മനുഷ്യനാണ്. അയാളുടെ സംശയങ്ങൾ ശാന്തമായി തീർത്തുകൊടുക്കുക ഡോക്ടറുടെ ബാധ്യതയാണ്, പ്രതിജ്ഞയുമാണ്. 
അടുത്തതായി അദ്ദേഹം പറഞ്ഞത് രോഗിയുടെ അവശതകൾ മനസ്സിലാക്കി രോഗം നിർണയിക്കുകയും അത് രോഗിയെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുക എന്നുള്ളതാണ്. ഒരു ഡോക്ടറുടെ മുന്നിലിരിക്കുന്നവരിൽ പ്രായഭേദമെന്യേ അഭ്യസ്തവിദ്യരും അല്ലാത്തവരും ഉണ്ടാകാം. സമ്പന്നരും ദരിദ്രരുമുണ്ടാകാം. രോഗനിർണയത്തിനായി പലതരം ടെസ്റ്റുകൾ കുറിക്കുമ്പോൾ അതെന്തിനു വേണ്ടിയാണെന്നു കൂടി രോഗിയെ ബോധ്യപ്പെടുത്തുക. രോഗവിവരം അറിയിക്കുന്നതോടൊപ്പം ആശ്വാസം പകരാനും ഒരു ഡോക്ടർ ശ്രമിക്കേണ്ടതാണ്.   
മൂന്നാമതായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് പണത്തോടുള്ള അത്യാഗ്രഹമാണ്. ആതുരസേവന രംഗത്തേക്കിറങ്ങുന്ന പുതുമുഖങ്ങൾക്ക്  മനുഷ്യ സഹജമായ പല ഭ്രമങ്ങളും തോന്നിയേക്കാം. അവരിൽ ഭീമമായ തുക ചെലവാക്കി ബിരുദം നേടിയവരും അല്ലാത്തവരും ഉണ്ടാകാം. ചെലവായ തുക എത്രയും വേഗം തിരിച്ചുപിടിക്കുക മാത്രമാണ് ലക്ഷ്യം എന്ന് കരുതരുത്. ഒരു ഡോക്ടർക്ക് വേണമെങ്കിൽ ബി എം ഡബ്ലിയുവിൽ യാത്ര ചെയ്യാം. അതിനു രോഗി ഒരു കരുവാകരുത്. തുടക്കക്കാരനെന്ന നിലയിൽ ആൾട്ടോയിൽ യാത്ര ചെയ്താലും ഉദ്ദേശിച്ച സ്ഥലത്തെത്താമല്ലോ. ഡോക്ടർമാർ, ഫൈവ് സ്റ്റാർ ഹോസ്പിറ്റലുകളുടെയും മരുന്നു കമ്പനികളുടെയും ലാബുകളുടെയും അമിതമായ പണക്കൊതിയുടെയും വക്താക്കളാകരുത്. 'ഓർക്കുക ഒരു ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവുമായായിരിക്കും ചിലപ്പോൾ ഹതാശനായ ഒരു മനുഷ്യൻ നിങ്ങളെ തേടിവരിക'. അവസാനമായി അദ്ദേഹം അവരോടു പറഞ്ഞത് കരുണ നിങ്ങളുടെ മുഖമുദ്രയാക്കുക എന്നതാണ്. പ്രായാധിക്യത്താലോ, രോഗം ബാധിച്ചോ അവശനായി മരണാസന്നനായ ഒരു രോഗിയോടു നിങ്ങൾ അൽപം കരുണ കാണിക്കുക. ഒരു ഡോക്ടറുടെ   മനസ്സ് തുറന്നുള്ള ഒരു പുഞ്ചിരി, ഒരു സാന്ത്വന സ്പർശം, അത് മതി. അയാളുടെ തകർന്ന മനസ്സിനുള്ളിലെ ജീവന്റെ കണികയെ ഉത്തേജിപ്പിക്കാൻ. 
വാർധക്യ സഹജമായ രോഗം മൂലം അവശതയനുഭവിക്കുന്നവർക്ക് യൗവന പ്രായത്തിലുള്ള ഡോക്ടർ, ഒരു മകന്റെയോ മകളുടെയോ സാമീപ്യം പകർന്നുകൊടുക്കാൻ കഴിയും. ഡോക്ടർമാരും മനുഷ്യരാണ്. ഈ പറഞ്ഞ എല്ലാവിധ ശാരീരിക സാമൂഹിക മാനുഷിക പ്രശ്‌നങ്ങൾ പേറുന്ന മനുഷ്യർ. പക്ഷേ അവർ തെരഞ്ഞെടുത്ത മാർഗം സമൂഹത്തിന്റെ പ്രതിബദ്ധത തന്നെയാകണം. 'കഡാവറു'കൾ കണ്ടു മരവിച്ച മനസ്സുകളിൽ കരുണയുടെ ഒരു അംശം കെടാതെ സൂക്ഷിക്കുക. 'ഒടുവിൽ ഞാനും അവശനായി നിങ്ങളുടെ മുന്നിലെത്തും. ഞാൻ ഈ പറഞ്ഞ അവകാശങ്ങളെല്ലാം എനിക്ക് ലഭിക്കേണ്ടതുമാണ്'. സൂചി വീണാൽ പോലും കേൾക്കാവുന്നത്ര നിശ്ശബ്ദമായിരുന്നു സദസ്സ്. ജീവിത സ്വപ്‌നങ്ങളുടെ, വർഷങ്ങളായുള്ള അധ്വാനത്തിന്റെ സ്വപ്‌ന സാക്ഷാൽക്കാരം പൂർത്തീകരിച്ച നിർവൃതിയിൽ സന്തോഷ ഭരിതമായ  മുഖങ്ങൾ നിറഞ്ഞ സദസ്സ് അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദാശ്രുക്കളോടെ ഏറ്റുവാങ്ങി. 

Latest News