മലപ്പുറം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് വേണമെന്ന ആവശ്യം പറഞ്ഞും പറയാതെയും മുസ്്‌ലിം ലീഗ്. മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ആദ്യമായി പരസ്യമായി ഉന്നയിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അടുത്ത ദിവസം തന്നെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തില്‍ അതില്‍നിന്ന് പിന്മാറി. പ്രാദേശിക നേതാക്കളെ ക്കൊണ്ട് വിഷയം ഉന്നയിപ്പിച്ചും ഇടക്കിടക്ക് ചില കാര്യങ്ങള്‍ അവ്യക്തമായി പറഞ്ഞും ഇപ്പോഴും തന്ത്രം തുടരുകയാണ് ലീഗ്.
ഇന്ന് കൊച്ചിയില്‍ രാഹുല്‍ ഗാന്ധിയുമായുള്ള യു.ഡി.എഫ് നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ലീഗ് ഉന്നയിക്കില്ല. പൊതുവേ തെരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുമെന്നല്ലാതെ സീറ്റ് വിഭജനം പോലെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്്‌നാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മുസ്‌ലിം ലീഗ് ചില ഡിമാന്റുകള്‍ വെക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ക്ക് ആവശ്യപ്പെടാനുള്ള അവകാശമുണ്ടെന്നും മജീദ് കോഴിക്കോട് പറഞ്ഞു. എന്നാല്‍ തങ്ങള്‍ മൂന്നാമതൊരു സീറ്റിന് കൂടി അവകാശവാദമുന്നയിക്കുമെന്ന് കൃത്യമായി പറയാന്‍ അദ്ദേഹം തയാറായില്ല.
യുഡിഎഫ് യോഗത്തിന് മുന്‍പേ മൂന്നാം സീറ്റ് വേണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. എത് സാഹചര്യത്തിലും ഏത് കക്ഷികള്‍ക്കും കൂടുതല്‍ സീറ്റുകള്‍ ചോദിക്കാനുള്ള അവകാശമുണ്ട്. സീറ്റ് വിഭജന ചര്‍ച്ചകളില്‍ ലീഗും ചില ഡിമാന്റുകള്‍ യോഗത്തിന് മുന്നില്‍ വയ്ക്കും. മൂന്നാം സീറ്റ് ചോദിച്ച് വാങ്ങണമെന്ന് സമസ്ത നിലപാട് കടുപ്പിച്ചതിന് പിന്നാലെ ലീഗിലെ പോഷക സംഘടനകളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സീറ്റ് ചോദിക്കുമെന്ന് ലീഗ് നേതാക്കള്‍ പറയാതെ പറയുന്നത്.
വയനാടോ പാലക്കാടോ ആണ് ലീഗിന്റെ മനസ്സിലുള്ളതെന്നാണ് സൂചന. എന്നാല്‍ വയനാട് കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്്‌ലിം സ്ഥാനാര്‍ഥിയെത്തന്നെയാണ് കോണ്‍ഗ്രസ് ഇവിടേക്ക് പരിഗണിക്കുന്നത്. ഇത് മനസ്സിലാക്കി ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ചരടുവലിക്കുന്നുണ്ട്. എന്നാല്‍ ആര്യാടനെ ലീഗ് അനുവദിക്കില്ല. പാലക്കാടും കോണ്‍ഗ്രസ് വിട്ടുകൊടുക്കില്ല. ഇവിടെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെപ്പോലുള്ള സര്‍പ്രൈസ് സ്ഥാനാര്‍ഥികള്‍ വരെ യു.ഡി.എഫ് ലിസ്റ്റിലുണ്ട്.