Sorry, you need to enable JavaScript to visit this website.

സൗദിയിൽ തൊഴിലില്ലായ്മ  നിരക്കിൽ നേരിയ കുറവ്‌

റിയാദ്- സൗദി അറേബ്യയിൽ തൊഴിലില്ലായ്മ നിരക്കിൽ നേരിയ കുറവെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ്. തൊഴിൽവിപണിയെ സംബന്ധിച്ച അതോറിറ്റി പുറത്തിറക്കിയ 2018 ലെ മൂന്നാം പാദവാർഷിക റിപ്പോർട്ടിലാണ് ഈ പരാമർശം. സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 എന്നതിൽനിന്ന് മൂന്ന് മാസത്തിന് ശേഷം 12.8 ശതമാനം എന്ന നിരക്കിലേക്ക് താഴ്ന്നുവെന്നാണ് കണ്ടെത്തൽ. സ്വദേശി വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. 2018ലെ മൂന്നാം പാദത്തിൽ 30.9 ശതമാനമാണ് സ്വദേശി വനിതകൾക്കിടയിലെ തൊഴിൽ രഹിതർ. രണ്ടാം പാദത്തിൽ ഇത് 31.1 ശതമാനമായിരുന്നു. സൗദി പുരുഷന്മാർക്കിടയിൽ 7.6 എന്ന നിലയിൽനിന്ന് 7.5 ശതമാനമായും മാറിയിട്ടുണ്ട്. എന്നാൽ സൗദികളും വിദേശികളും അടക്കം രാജ്യത്തെ മൊത്തം ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് മുൻ റിപ്പോർട്ടിൽ പ്രതിപാദിച്ചത് പോലെ ഇത്തവണയും ആറ് ശതമാനമാണ്. 
അതേസമയം, സൗദിയിൽ സ്വദേശികളും വിദേശികളുമായ ജോലിക്കാരുടെ എണ്ണത്തിൽ 3,30,024 പേർ കുറഞ്ഞുവെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ട് പ്രതിപാദിക്കുന്നത്. രണ്ടാം പാദവർഷത്തിൽ 13,018,066 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ കണക്ക് പ്രകാരം 12,688,042 പേർ മാത്രമാണ് ജോലി ചെയ്യുന്നത്. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണത്തിൽ 15,356 പേരുടെ കുറവുണ്ട്. നേരത്തെ 3,12,53,343 സൗദി പുരുഷ ജീവനക്കാരുള്ള സ്ഥാനത്ത് ഇപ്പോൾ 3,109,987 പേരാണ് ജോലിക്കാർ. 
ജോലി നഷ്ടപ്പെട്ടവരിൽ വിദേശ പുരുഷന്മാരാണ് ബഹുഭൂരിപക്ഷവും. 3,04,972 വിദേശികളായ പുരുഷ ജീവനക്കാർക്ക് മൂന്ന് മാസത്തിനിടെ രാജ്യത്ത് തൊഴിൽ നഷ്ടമായത്. നേരത്തെ 8,927,862 ജീവനക്കാർ എന്നത് മൂന്നാംപാദത്തിൽ 8,622,890 എന്നായി ചുരുങ്ങി. 9,696 വിദേശ വനിതകൾക്കും ഇക്കാലയളവിൽ തൊഴിൽ നഷ്ടമായി. 9,64,861 വിദേശ വനിതാജീവനക്കാർ എന്നത് മൂന്ന് മാസം പിന്നിട്ടപ്പോഴേക്കും 9,55,166 എന്ന നിലയിലേക്കും താഴ്ന്നു. 
സൗദിയിലെ ആകെ ജനസംഖ്യയുടെ 56.4 ശതമാനവും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. രണ്ടാം പാദ റിപ്പോർട്ടിൽ ഇത് 56.2 ശതമാനമായിരുന്നു. സൗദി പൗരന്മാരുടെ വിഷയത്തിൽ രണ്ടാം പാദ വർഷ റിപ്പോർട്ടിലേത് പോലെ ഇപ്രാവശ്യവും 42 ശതമാനം പങ്കാളിത്തമാണ് കണ്ടെത്തിയത്. സ്വദേശികളിൽ 63.5 ശതമാനം പുരുഷന്മാരാണ് ജോലി ചെയ്യുന്നത്. മുൻ റിപ്പോർട്ടിലും ഇതിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ സ്വദേശിവനിതകളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെന്ന് റിപ്പോർട്ട് കണ്ടെത്തി. രണ്ടാം പാദത്തിൽ 19.6 ശതമാനം വനിതകൾ ജോലി ചെയ്തിരുന്ന സ്ഥാനത്ത് മൂന്നാം പാദ വർഷത്തിൽ ഇത് 19.7 ശതമാനമായി ഉയർന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 
അതോറിറ്റി സർവേക്ക് പുറമെ, തൊഴിൽ സാമൂഹിക വികസന മന്ത്രാലയം, സിവിൽ സർവീസ് മന്ത്രാലയം, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി), മാനവവിഭവ ശേഷി വികസന നിധി (ഹദഫ്), നാഷണൽ ഇൻഫർമേഷൻ സെന്റർ എന്നീ വകുപ്പുകളുടെ റിപ്പോർട്ടുകളും പരിഗണിച്ചാണ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി കണക്കുകൾ വെളിപ്പെടുത്തിയത്. 

 

Latest News