മാറിടത്തില്‍ ചുട്ടകല്ല്, ഇങ്ങനെ ചെയ്യാമോ ലണ്ടന്‍കാരേ?

ലണ്ടന്‍- ആണ്‍നോട്ടങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ മാറ്റി നിര്‍ത്താന്‍ കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വെച്ച് (ബ്രസ്റ്റ് അയണിംഗ്്) സ്തന വളര്‍ച്ച തടയുന്ന പ്രാകൃത രീതി ലണ്ടനിലും നടക്കുന്നു. ആഫ്രിക്കയിലാണ് ഇത് സാധാരണ കണ്ടുവരുന്നതത്രെ.

ലണ്ടന്‍, യോര്‍ക്ക്‌ഷൈര്‍, എസ്സെക്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട് എന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഗാര്‍ഡിയന്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് 'ബ്രസ്റ്റ് അയണിങ്ങ്'. ലണ്ടനിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15മുതല്‍ 20വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്. 

ഇതുവരെ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പോലീസ് പറയുന്നത്.
 

Latest News