കേരളമല്ല തമിഴ്‌നാട്, മോഡിക്കവിടെ വരവേല്‍പില്ല

ചെന്നൈ-  തമിഴ്‌നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധം ഉയര്‍ത്തി തമിഴ് ജനത. 
തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വ്യാപക നാശനഷ്ടങ്ങളില്‍ തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ മോഡി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകയ്ക്ക് അനുകൂലമായ നിലപാടെടുത്തു. എന്നീ കാരണങ്ങള്‍ ഉയര്‍ത്തിയാണ് മോഡിക്കെതിരെ തമിഴ്‌നാട്ടില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം നുരഞ്ഞു പൊങ്ങുന്നത്. 'ഗോ ബാക്ക് മോഡി' എന്ന ഹാഷ് ടാഗോടെയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നുരയുന്നത്.

ഇന്ന് രാവിലെ എത്തുന്ന മോഡി മധുരെ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്ന് മധുരെ മമണ്ടല നഗറില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുത്തതിനും ശേഷമാണ് കേരളത്തിലേക്ക് തിരിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്ന് വൈക്കോയുടെ എംഎഡിഎംകെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോഡി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിയാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയത്. 
 

Latest News