Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പത്തര കിലോ കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥിയടക്കം രണ്ടു പേർ അറസ്റ്റിൽ

നിലമ്പൂർ- കാറിൽ കടത്തിക്കൊണ്ടു വന്ന പത്തര കിലോ കഞ്ചാവുമായി എൻജിനീയറിങ് വിദ്യാർഥിയടക്കം രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. പാലക്കാട് വാളയാർ കഞ്ചിക്കോട് സ്വദേശി എൻ.ജയകുമാർ(24), പത്തനംതിട്ട തിരുവല്ല കടപ്ര സ്വദേശി ചൈത്രം വീട്ടിൽ അനന്തരാജ്(അനന്തു-22) എന്നിവരെയാണ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഞ്ചാവ് വിൽപനക്കായി ഇവർ ഉപയോഗിച്ച നാനോ കാറും കസ്റ്റഡിയിലെടുത്തു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവു മൊത്ത വിതരണക്കാർ വിദ്യാർഥികളെ ഉപയോഗിച്ച് കേരളത്തിലെ പല ഭാഗങ്ങളിലേക്കും ബൈക്കുകളിലും കാറുകളിലുമായി  കഞ്ചാവും മറ്റു ലഹരി ഉൽപന്നങ്ങളും വിതരണത്തിനായി എത്തിക്കുന്നുവെന്ന വിവരം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന് ലഭിച്ച പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം.പി.മോഹനചന്ദ്രൻ, നിലമ്പൂർ സി.ഐ. കെ.എം.ബിജു, ഷാഡോ പോലീസ് എന്നിവരടങ്ങുന്ന പ്രത്യേക ടീം ഒരാഴ്ചയോളം സൈബർ സെല്ലിന്റെ സഹായത്തോടെ തമിഴ്‌നാട്ടിലും കർണാടകയിലുമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. 
അന്യസംസ്ഥാനങ്ങളിൽ പല കോഴ്‌സുകളിലും പഠിക്കുന്ന വിദ്യാർഥികളെ താമസസ്ഥലങ്ങളിലും കോളേജ് ഹോസ്റ്റലുകളിലും ചെന്ന് കണ്ട് പരിചയപ്പെട്ട ശേഷമാണ് വിദ്യാർഥികളെ കാരിയർമാരാക്കുന്നത്. പുകവലിക്കുന്ന വിദ്യാർഥികളെ കണ്ടെത്തിയ ശേഷം അവർക്ക്  സൗജന്യമായി ലഹരി വസ്തുക്കൾ നൽകി വരുതിയിലാക്കിയതിനു ശേഷമാണ് ഇടപാടുകൾക്കുപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാർഥികളെ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ആവശ്യാനുസരണം കാറുകളും ബൈക്കുകളും നൽകി പ്രലോഭിപ്പിച്ച് 2000, 3000 രൂപ പ്രതിഫലം നൽകിയാണ് വിൽപന നടത്തുന്നത്. 
അറസ്റ്റിലായ അനന്തുരാജ് കോയമ്പത്തൂർ ചാവടിയിലുള്ള ഒരു എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ വിദ്യാർഥിയാണ്. കൂട്ടുപ്രതി ജയകുമാർ അനന്തുരാജ് ആദ്യം താമസിച്ചിരുന്ന വാടകമുറിയുടെ അടുത്ത താമസക്കാരനാണ്.  ഈ പരിചയമുപയോഗിച്ചാണ് കോയമ്പത്തൂർ കുനിയമ്പത്തൂരിലുള്ള മുജീബ് ഭായ് എന്ന കഞ്ചാവ് മൊത്ത വിതരണക്കാരനെ  പരിചയപ്പെട്ട് വിതരണത്തിനുള്ള കരിയറായി പ്രവർത്തിക്കാൻ തുടങ്ങിയത്. പലപ്പോഴും കരിയർമാരെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് സംഘത്തലവനായ മുജീബ് ഭായി ചുമതലയേൽപിച്ചിരുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്തതിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കർണാടകയിലുമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്നുള്ള  കോളേജ് ഹോസ്റ്റലുകളിലേയും സമീപത്ത് വാടക മുറികളെടുത്ത് പഠിക്കുന്ന നിരവധി വിഥ്യാർഥികളേയും ഇത്തരത്തിൽ പ്രലോഭിപ്പിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തിച്ചതായി പ്രതികളെ ചോദ്യം ചെയ്തതിൽ വെളിപ്പെട്ടിട്ടുണ്ട്.
ഇത്തരത്തിലുള്ള സംഘാംഗങ്ങളെ നിരീക്ഷിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഡിവൈ.എസ്.പി, നിലമ്പൂർ സി.ഐ എന്നിവർ അറിയിച്ചു. അന്യ സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മുഖ്യ പ്രതിക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചതായും അന്വേഷണ സംഘാംഗങ്ങൾ അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രൻ, നിലമ്പൂർ സി.ഐ. കെ.എം.ബിജു, നിലമ്പൂർ അഡീഷണൽ എസ്.ഐ.അഷ്‌റഫ്, ഷാഡോ പോലീസ് അംഗങ്ങളായ സി.പി.മുരളി, എൻ.ടി.കൃഷ്ണകുമാർ, ടി.ശ്രീകുമാർ, എം.മനോജ് കുമാർ, മുഹമ്മദ് ഷാഫി, പ്രദീപ് കുമാർ, മാത്യു, വനിതാ പോലീസ് ഓഫീസർ റഹിയാനത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.
 

Latest News