ഇന്ത്യയിൽ നിന്നെത്തിയത് മൂന്നേകാൽ ലക്ഷം ഉംറ തീർഥാടകർ 

മക്ക - ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച ശേഷം ഇതുവരെ 32 ലക്ഷത്തിലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. അഞ്ചു മാസത്തിനിടെ ആകെ 32,70,164 വിസകളാണ് വിദേശ തീർഥാടകർക്ക് അനുവദിച്ചത്. ഇതിൽ 27,91,438 തീർഥാടകർ പുണ്യഭൂമിയിൽ എത്തി. ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണ്. പാക്കിസ്ഥാനിൽ നിന്ന് 7,29,117 തീർഥാടകരാണ് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യയിൽ നിന്ന് 4,78,513 ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 3,25,838 ഉം നാലാം സ്ഥാനത്തുള്ള യെമനിൽ നിന്ന് 1,58,453 ഉം അഞ്ചാം സ്ഥാനത്തുള്ള മലേഷ്യയിൽ നിന്ന് 1,51,458 ഉം ആറാം സ്ഥാനത്തുള്ള തുർക്കിയിൽ നിന്ന് 1,09,049 ഉം ഏഴാം സ്ഥാനത്തുള്ള ഈജിപ്തിൽ നിന്ന് 1,02,479 ഉം എട്ടാം സ്ഥാനത്തുള്ള അൾജീരിയയിൽ നിന്ന് 98,636 ഉം ഒമ്പതാം സ്ഥാനത്തുള്ള ജോർദാനിൽ നിന്ന് 73,270 ഉം പത്താം സ്ഥാനത്തുള്ള ബംഗ്ലാദേശിൽ നിന്ന് 69,045 ഉം തീർഥാടകർ അഞ്ചു മാസത്തിനിടെ എത്തി. 
23,41,668 പേർ തീർഥാടന കർമം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. നിലവിൽ പുണ്യഭൂമിയിൽ 4,49,770 തീർഥാടകരാണുള്ളത്. ഇക്കൂട്ടത്തിൽ 3,21,006 പേർ മക്കയിലും 1,28,764 പേർ മദീനയിലുമാണ്. തീർഥാടകരിൽ 24,78,416 പേർ വിമാന മാർഗവും 18,450 പേർ കപ്പൽ മാർഗവും 2,94,572 പേർ കര മാർഗവുമാണ് രാജ്യത്ത് എത്തിയത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉംറ സർവീസ് കമ്പനികളിൽ 8293 സ്വദേശി പുരുഷന്മാരും 1727 സ്വദേശി വനിതകളും അടക്കം 10,020 സൗദികൾ ജോലി ചെയ്യുന്നുണ്ട്.  
 

Latest News